പുല്പള്ളി: മണ്ഡലം പ്രസിഡന്റിനെ മാറ്റാത്തതിനെച്ചൊല്ലി പുല്പള്ളിയില് കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം പരസ്യമായി രംഗത്ത്. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്ന കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റ് നിലപാട് തിരുത്തണമെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച പുല്പള്ളിയില് കോണ്‍ഗ്രസ് ഐയിലെ ഒരുവിഭാഗം യോഗം ചേര്‍ന്നാണ് നിലപാട് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 10 ദിവസത്തേക്കാണ് നിലവിലെ മണ്ഡലം പ്രസിഡന്റായ വി.എം. പൗലോസിന് ചുമതല നല്‍കിയതെന്നും എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് തയാറായിട്ടില്ലെന്നും ഇവര്‍ പറയുന്നു. പലതവണ ഈ ആവശ്യം ഉന്നയിച്ചെങ്കിലും നേതൃത്വം അവഗണിച്ചു. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നിലവിലെ മണ്ഡലം പ്രസിഡന്റിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇവര്‍. മ
ണ്ഡലം കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും 27 ബൂത്ത് പ്രസിഡന്റുമാരില്‍ 20 അംഗങ്ങളും വാര്‍ഡ് പ്രസിഡന്റുമാരില്‍ 20ല്‍ 15 പേരും തങ്ങള്‍ക്കൊപ്പമാണ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ കോണ്‍ഗ്രസിെന്റ ഭൂരിപക്ഷാംഗങ്ങളും തങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റിനെ മാറ്റാത്ത പക്ഷം പൊതുപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അടുത്ത ആഴ്ച വിപുലമായ കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്, പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭന സുകു, സ്ഥിരം സമിതി അംഗങ്ങളായ ജോളി നരിതൂക്കില്‍, ശ്രീദേവി മുല്ലക്കല്‍, പഞ്ചായത്ത് അംഗങ്ങളായ രാജു തോണിക്കടവ്, രജിത, ഐ.എന്‍.ടി.യു.സി നേതാവ് സണ്ണി തോമസ്, സി.പി. ജോയി, സി.പി. കുര്യാക്കോസ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകും.
