തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകരുതെന്ന് കെ. മുരളീധരന് എംപി. നേമത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. പാര്‍ട്ടി എവിടെ ആവശ്യപ്പെട്ടാലും മത്സരിക്കാന്‍ തയാറാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
നേമത്തേക്ക് പ്രമുഖന്മാര് വരാതെ തന്നെ യുഡിഎഫിന് ജയിക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ നീണ്ടുപോയി ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് നേതാക്കളോട് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും മുരളീധരന് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരേയും മുരളീധരന് വിമര്‍ശനം നടത്തി. പന്തംകൊളുത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും ഇരുട്ടിന്റെ സന്തതികളാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോ പോയത് കോണ്‍ഗ്രസിന് നഷ്ടമാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
