ജി7 ഉച്ചകോടി: ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ്

ലണ്ടന്‍: ജി7 രാജ്യങ്ങളിലെ വിദേശകാര്യവികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനില്‍ നാലുദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. അതേസമയം, വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമം റിപോര്‍ട്ട് ചെയ്തു. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സംഘം വെര്‍ച്വലായാണ് യോഗത്തില്‍ പങ്കെടുക്കുക.

തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയശങ്കര്‍, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേലുമായും കഴിഞ്ഞ ദിവസം ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് സംശയിക്കുന്ന ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തന്റെ കാര്യപരിപാടികള്‍ ഓണ്‍ലൈന്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചതായി ജയശങ്കര്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരുന്നതായിരുന്നു.

എന്നാല്‍, ഈ കൂടിക്കാഴ്ച ഇനി ഓണ്‍ലൈന്‍ മുഖാന്തരമായിരിക്കും നടക്കുക. കൊവിഡ് വാര്‍ത്തയെക്കുറിച്ച്‌ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. ജി7ല്‍ അംഗമല്ലാത്ത ഇന്ത്യ, ക്ഷണിതാവ് എന്ന നിലയിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായ കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് ഉച്ചകോടി നടക്കുന്നത്. മുഴുവന്‍ പ്രതിനിധികളെയും ദിവസവും ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *