ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇതെന്നും രാഹുല്‍ പറഞ്ഞു.
‘ആദ്യ തരംഗത്തില്‍ കോവിഡിനെക്കുറിച്ച് ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ രണ്ടാംതരംഗത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണ്. മോദി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് കാരണം.
പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണ്. അദ്ദേഹത്തിന് ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇവന്റുകള്‍ കൈകാര്യം ചെയ്യാനാകുന്നില്ല. ഇതു പോലുള്ള അവസരങ്ങളില്‍ ഇത്തരം ഇവന്റ് മാനേജര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് കാര്യക്ഷമവും വേഗതയുമാര്‍ന്ന ഭരണ സംവിധാനമാണ് ആവശ്യം. ഞങ്ങള്‍ക്ക് വേണ്ടത് ഈവന്റുകളല്ല. തന്ത്രങ്ങളാണ് ആവശ്യം.’ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു .
അതെ സമയം ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നുശതമാനം മാത്രം പേര്‍ക്ക് മാത്രമേ കേന്ദ്രം വാക്സിന്‍ നല്‍കിട്ടുളളൂവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘യുഎസ് തങ്ങളുടെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ബ്രസീല്‍ 8-9ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കി. അവര്‍ വാക്സിന്‍ തലസ്ഥാനമല്ല, പക്ഷേ നമ്മളാണ്. നമ്മള്‍ വാക്സിന്‍ ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ വാക്സിനേഷന്‍ തന്ത്രങ്ങള്‍ പുനക്രമീകരിച്ചില്ലെങ്കില്‍ നിരവധി കോവിഡ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.’ രാഹുല്‍ ചൂണ്ടിക്കാട്ടി .
കോവിഡ് തരംഗത്തിനും ലോക് ഡൗണ്‍ നിര്‍ത്തലാക്കുന്നതിനും സ്ഥിരമായ പരിഹാരം വാക്സിനാണെന്ന് പറഞ്ഞ രാഹുല്‍ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നത് താല്കാലിക പരിഹാരമാണെന്നും പറഞ്ഞു .
‘ഈ നിലയിലാണ് രാജ്യത്തെ പ്രതിരോധകുത്തിവെപ്പ് യജ്ഞം മുന്നോട്ട് പോകുന്നതെങ്കില്‍ രാജ്യത്ത് മൂന്നാംതരംഗവും നാലാംതരംഗവും സൃഷ്ടിക്കപ്പെടും . കാരണം വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസുമായി നാം ഒരു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ്. എന്നാല്‍ സര്‍ക്കാരിന് തോന്നുന്നത് തങ്ങള്‍ പോരാടുന്നത് പ്രതിപക്ഷത്തിനെതിരേയാണെന്നാണ്, വൈറസിന് എതിരായിട്ടാണെന്നല്ല.
ഈ സാഹചര്യത്തില്‍ സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി നേരെ നില്‍ക്കുകയും ഭയക്കാതെ രാജ്യത്തെ നയിക്കുകയും ചെയ്യേണ്ട സമയമാണിത്. നേതൃത്വഗുണവും ധൈര്യവും ശക്തിയും പ്രകടിപ്പിക്കേണ്ട സമയമാണിത്. ഒരു നല്ല നേതാവ് എന്തായിരിക്കണമെന്ന് കാണിക്കാനുള്ള സമയം. അതിനാല്‍ ദയവുചെയ്ത് അങ്ങനെ പെരുമാറുക.
നുണകള്‍ പ്രചരിപ്പിക്കാനുള്ള സമയമല്ല ഇതെന്നും രാഹുല്‍ പറഞ്ഞു . സര്‍ക്കാര്‍ സത്യസന്ധമായി പെരുമാറണം. രാജ്യത്തിന്റെ ഭാവിയുടെ പ്രശ്‌നമാണിത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ സര്‍ക്കാരിന്റെ ശത്രുക്കളല്ല, പ്രതിപക്ഷം വഴികാണിക്കുകയാണ്. ഫെബ്രുവരിയില്‍ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായിരുന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി നമുക്ക് നേരിടേണ്ടി വരില്ലായിരുന്നു.’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
