കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം – പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അല൯, ഒല്ലൂര്‍ എടക്കുന്നി ലക്ഷം വീട് കോളനിയില്‍ പള്ളിപ്പാടം വി൯സന്റിന്റെ മക്കള്‍ അലീന,അനീന എന്നിവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
ഇരട്ട കുട്ടികളായ അലീന,അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പടെ എല്ലാ സംരക്ഷവും സര്‍ക്കാര്‍ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുന്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയായശേഷം തൃശൂരിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദര്‍ശനമാണിത്.
