കോഴിക്കോട്: സ്വര്‍ണവും പണവുമാവശ്യപ്പെട്ടുള്ള പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ ഭര്‍തൃ മാതാവിനും ഭര്‍തൃ സഹോദരങ്ങള്‍ക്കും തടവ്. പെരുമണ്ണ വടക്കേപ്പാട്ട് മണിക്ക് (59) ഒരു കൊല്ലം തടവും 10,000 രൂപ പിഴയും മക്കളായ പ്രേംരാജ് (30), പ്രേംജിത് (24) എന്നിവര്‍ക്ക് ആറു മാസം വീതം തടവും 10,000 രൂപ വീതം പിഴയുമാണ് അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍. കണ്ണന് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എല്ലാരും ഒരു മാസം കൂടി തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.വി. അഷ്റഫ് ഹാജരായി. കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് പ്രേം ജിനേഷിനെ കോടതി വെറുതെ വിട്ടു. 2014ല്‍ വിവാഹത്തെത്തുടര്‍ന്ന് നിരന്തരം പീഡിപ്പിച്ചെന്നാണ് നല്ലളം പൊലീസെടുത്ത കേസ്.
