മലപ്പുറം: മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാറിന്റെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പുതുതായി ചാര്‍ജ്ജെടുത്ത പ്രധാനധ്യാപികക്ക് മുന്‍ നടന്ന കാര്യങ്ങള്‍ കൃത്യമായ അറിവില്ലാത്തതിനാല്‍ മുമ്പ് പ്രധാനധ്യാപകരായി ജോലി ചെയ്തിരുന്നവരെ കൂടി വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി വിശദീകരണം തേടും. കൂടാടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോടും കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനോടും വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സംഘത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീടു ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഈമാസം ഒമ്പതിന് കെ വി ശശികുമാര്‍ നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ അദ്ദേഹത്തെ ഈമാസം 13ന് പോലീസ് വയനാട് മുത്തങ്ങയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് നിന്ന് പിടികൂടുകയായിരുന്നു.
