ഒരു സ്ത്രീ അമ്മയായി കഴിയുമ്പോള്‍ അവളിലുണ്ടാവുന്ന രൂപമാറ്റം പ്രകടമാണ്. പലപ്പോഴും സൗന്ദര്യമില്ലായ്മയിലേക്കാണ് കാര്യങ്ങളെത്തിക്കുക. പലപ്പോഴും അമിതമായി തടിവെയ്ക്കുക പ്രസവാനന്തരമാണ്. പ്രസവശേഷം ഈ രൂപമാറ്റത്തിന് കാരണമെന്താണ്.ചില സ്ത്രീകളെ ശ്രദ്ധിച്ചാല്‍ മനസിലാവും കല്യാണം കഴിക്കുന്നതുവരെ മെലിഞ്ഞു സുന്ദരിയായിരുന്നവര്‍ കുട്ടിയാവുന്നതോടെ വണ്ണം വെച്ചു പരിചിതര്‍ക്കു പോലും അളിതു തന്നെയോയെന്ന സംശയം തോന്നിപ്പിക്കാനിടയാക്കുന്നു.
ചിലര്‍ കഠിന ഡയറ്റിംഗിലൂടെയൊക്കെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തും. എന്നാല്‍ എല്ലാവര്‍ക്കും ഇതു വിജയിക്കാറില്ല. ജീവിതചര്യയില്‍ വന്ന മാറ്റമാണ് പ്രസവശേഷമുള്ള ശരീരപ്രകൃതിയുടെ മാറ്റത്തിന് കാരണം. കുഞ്ഞു പിറന്നു കഴിഞ്ഞാല്‍ പഴയ സൗന്ദര്യ സംരക്ഷണ ശീലമൊക്കെ പാടേ മാറുകയായി. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുത്ത ശേഷം ബാക്കിവെച്ചതു കഴിക്കുന്നത് പലപ്പോഴും അമ്മമാര്‍ ശ്രദ്ധിക്കാറില്ല. നിയന്ത്രണമില്ലാത്ത ഭക്ഷണ രീതിയാണ് ശരീര വണ്ണം കൂടുന്നതിനിടയാക്കുന്നത്. വീട്ടമ്മമാര്‍ ഒഴിവു സമയങ്ങളില്‍ ടിവിയുടെയോ മൊബൈലിന്റെയോ മുന്നില്‍ സമയം കളയുന്നതും ആവശ്യത്തിലേറെയുള്ള പകല്‍ ഉറക്കവുമെല്ലാം അഴകളവ് തെറ്റിക്കാനിടയാക്കും.
മിഷിഗന്‍ സര്‍വ്വകലാശാലയില്‍ കുട്ടികളുള്ള സ്ത്രീകളുടെയും ഇല്ലാത്തവരുടെയും ഭാരത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. 30,000 സ്ത്രീകള്‍ പങ്കെടുത്ത പഠനത്തില്‍ മൂന്നും നാലും പ്രസവം കഴിഞ്ഞവര്‍ക്ക് ഒരിക്കലും തങ്ങളുടെ പഴയ ഭാരത്തിലേക്ക് തിരികെ വരാനാവില്ലെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ നല്കുമ്പോള്‍ തങ്ങളുടെ ആരോഗ്യ സൗന്ദര്യ കാര്യങ്ങളെ അവഗണിക്കുന്നതും വില്ലനാവുകയാണ്. ജീവിതം ചിട്ടപ്പെടുത്താന്‍ അല്പം ശ്രദ്ധ നല്കിയാല്‍ പ്രസവാനന്തരവും ആരും കൊതിക്കുന്ന സൗന്ദര്യം നിലനിര്‍ത്താനാവും.
