വിവാഹത്തിന് വരണമാല്യം പെരുമ്പാമ്പ്

ബീഡ് (മഹാരാഷ്ട്ര): വിവാഹത്തിന് പരസ്പരം പാമ്പുകളെ കഴുത്തിലണിയിച്ച് ദമ്പതികള്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് പൂമാലകള്‍ക്ക് പകരം വരനും വധുവും പാമ്പിനെ കഴുത്തില്‍ അണിയിച്ചത്. ദമ്പതികള്‍ പ്രദേശത്തെ വന്യജീവി വകുപ്പ് ജീവനക്കാരാണ്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായെങ്കിലും വിവാഹം എന്നാണ് നടന്നതെന്ന് വ്യക്തമല്ല.
വിവാഹത്തിന് ക്ഷണിക്കപ്പെട്ട നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് ദമ്പതികള്‍ പാമ്പുകളെ പരസ്പരം കഴുത്തില്‍ അണിയിച്ചത്. വധു ആദ്യം വരന്റെ കഴുത്തില്‍ ഒരു പാമ്പിനെ ഇടുകയും പിന്നാലെ പെരുമ്പാമ്പിനെ വരന്‍ വധുവിന്റെ കഴുത്തില്‍ മാലയ്ക്ക് പകരമായി ഇടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ദമ്പതികളുടെ സമീപത്തുണ്ടായിരുന്നു.
പാമ്പിനെ കഴുത്തില്‍ അണിയിച്ചെങ്കിലും ഇരുവര്‍ക്കും ഭയമോ ആശങ്കയോ തോന്നിയില്ല. പാമ്പിനെ കഴുത്തില്‍ അണിഞ്ഞ ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കഴുത്തില്‍ കിടന്ന പാമ്പ് ദമ്പതികളെ കടിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
പാമ്പിനെ ഉപയോഗിച്ച് നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു വിഭാഗം പേര്‍ ദമ്പതികളെ പരിഹസിക്കുകയും അപകടത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോള്‍ ഇരുവരുടെയും ധൈര്യത്തെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തു. പാമ്പിനെ ഉപയോഗിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ് നടപടികള്‍ സ്വീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *