വളാഞ്ചേരി-മദ്രസ അധ്യാപകന്‍ അകാരണമായി അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്‍ ഷാഹുല്‍ ഹമീദിനെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. പൂക്കാട്ടിരി വട്ടപ്പറമ്പ് കുടിലന്‍ വീട്ടില്‍ കുഞ്ഞിഹൈദ്രുവിന്റെ മകന്‍ മുബഷിറിന് (14)ആണ് പരിക്കേറ്റത്. ചൂരല്‍കൊണ്ടുള്ള അടികളേറ്റ് വിദ്യാര്‍ഥിയുടെ ഇടത്തേ ചുമലിന് താഴെ മുറിവേല്‍ക്കുകയായിരുന്നു.
പൂക്കാട്ടിരി കൗക്കബുല്‍ ഇസ്്‌ലാം സുന്നി മദ്രസയില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞശേഷം അടുത്ത ദിവസത്തെ ക്ലാസിന്റെ സമയത്തെ കുറിച്ച് അധ്യാപകനോട് അന്വേഷിച്ച മുബഷിറിനെ തുടരെ അടിക്കുകയായിരുന്നു. ക്ലാസിന്റെ സമയം നേരത്തെ പറഞ്ഞതാണെന്നും ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നതെന്തുകൊണ്ടെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ മദ്രസ കമ്മിറ്റി അംഗങ്ങളോടും മദ്രസയിലെ സദറിനോടും പരാതിപ്പെട്ടെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനിലും ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
