സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സുരക്ഷാ ചുമതല ഏറ്റെടുത്തു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളിലാണു എസ്പിജി സുരക്ഷ ഉറപ്പാക്കുന്നത്. സുരക്ഷയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എസ്പിജി ഐജി ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സിലിനായി 24, 25 തീയതികളിലാണു പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും കോഴിക്കോട്ട് തങ്ങുന്നത്. പ്രധാനമന്ത്രി വന്നിറങ്ങുന്ന വിക്രംമൈതാനി, പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറം, മുഖ്യവേദിയായ സ്വപ്‌നനഗരി, പ്രധാനമന്ത്രി താമസിക്കുന്ന വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസ്, ബിജെപിയുടെ പഴയകാല നേതാക്കളെ ആദരിക്കുന്ന സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ എസ്പിജി നേരിട്ടെത്തി പരിശോധിച്ചു. പ്രധാനമന്ത്രി രണ്ടു ദിവസവും കോഴിക്കോട്ടായതിനാല്‍ സ്വപ്‌നനഗരിയിലാണു അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുക. ഇവിടുത്തെ സൗകര്യങ്ങളും നിര്‍മാണ രീതിയും എസ്പിജി സംഘം വിലയിരുത്തി.

കനത്ത സുരക്ഷയാണു നഗരത്തില്‍ ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനൊപ്പം സംസ്ഥാന പോലീസിലെ എസ്പിമാരുള്‍പ്പെടെ 3000 ത്തോളം സേനാംഗങ്ങളെയും വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐജി, ഡിഐജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പോലീസ് പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *