തിരുവന്തപുരം: കറുത്ത നിറത്തിലുള്ള മാസ്ക് വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം കറുപ്പായി തോന്നുന്നതെന്ന് സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണെന്നും, ഷാജ് കിരണിനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാര്‍ക്ക് നല്ലത്. മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണ്. ഇതെന്താ ഹിറ്റ്ലര്‍ ഭരിക്കുന്ന കേരളമോ? രാജ ഭരണകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല. പൊലീസിന്റെ ഉപകരണമായി ഷാജിനെ ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രി അറിയാതെയാണ് വിജിലന്‍സ് മേധാവിയെ മാറ്റിയത്. കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് ഇതൊന്നും അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല?’, വി.ഡി സതീശന് വിമര്‍ശിച്ചു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷ. മലപ്പുറത്തെ രണ്ട് പരിപാടികള്‍ക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്ബ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പൊലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും.
