മാനന്തവാടി:തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്തു കടുവയുടെ ആക്രമണത്തില്‍നിന്നു ആദിവാസി യുവതി തലനാരിഴക്കു രക്ഷപ്പെട്ടു. ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചാടിയടുത്ത കടുവ യുവതിയുടെ അലര്‍ച്ച കേട്ടു പിന്‍വാങ്ങുകയായിരുന്നു. കോളനി പരിസരത്തു ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ സെക്ഷനില്‍പ്പെട്ട സ്ഥലമാണ് ഷാണമംഗലം. ഗുരുതരമായി പരിക്കേറ്റ ആടിനെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.ആര്‍.സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജോസ് വിന്‍സന്റ്, കെ.ശ്രീലേഖ എന്നിവരുടെ നേതൃത്വത്തില്‍ മാനന്തവാടി മൃഗാശുപത്രിയില്‍ എത്തിച്ചു. ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടേതാണ് മൂന്ന് വയസ്സുള്ള ആട്. കടുവ ശല്യം ഉള്ള പ്രദേശമാണ് ഷാണമംഗലം. ഗര്‍ഭിണിയായ ഒരു ആടിനെ കഴിഞ്ഞമാസം കടുവ കൊന്നിരുന്നു.കൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ പിടിച്ചത്.
