സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. ലക്ഷണങ്ങളുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
മങ്കി പോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധന നടത്താനും തീരുമാനിച്ചു. വിദേശത്ത് നിന്നെത്തിയവരില്‍ രോഗലക്ഷണങ്ങളുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഈ മാസം ഒമ്ബതിന് അബുദാബിയില്‍നിന്നെത്തിയ കൊല്ലം ജില്ലക്കാരനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. അബുദാബിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കമുണ്ടായ യുവാവ് ചെറിയ ലക്ഷണങ്ങളോടെയാണ് നാട്ടിലെത്തിയത്. ഇയാളുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല.
യുവാവിനൊപ്പം വിമാനത്തില്‍ അടുത്ത സീറ്റുകളിലിരുന്ന 11 പേര്‍, വിമാനത്താവളത്തില്‍ നിന്ന് കൊല്ലം വരെയെത്തിച്ച ടാക്‌സി ഡ്രൈവര്‍, വീട്ടില്‍ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍, ആശുപത്രിയില്‍ യുവാവിനെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലും നാട്ടിലെത്തിയതിനുശേഷവും മറ്റുള്ളവരുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കിയിരുന്നു, മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍ കരുതലുകളും എടുത്തിരുന്നതായി യുവാവ് വ്യക്തമാക്കി.
