ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി.
അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ഹൈകോടതി ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
പോസ്റ്റ്മോര്‍ട്ടം ഞായറാഴ്ച നടത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാന്‍ കുടുംബം തയാറായിരുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
അതിനിടെ, പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരും പ്രിന്‍സിപ്പലുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച അന്വേഷണസംഘം കുട്ടിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും മൊഴിയെടുക്കും.
ജൂലൈ 13ന് പുലര്‍ച്ചയാണ് ചിന്നസേലം കനിയാമൂരിലെ സ്വകാര്യ ഇന്റര്‍നാഷനല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി കടലൂര്‍ വേപ്പൂര്‍ പെരിയനെസലൂര്‍ സ്വദേശിനിയായ 17കാരി ജീവനൊടുക്കിയത്. സ്കൂളിലെ അധ്യാപകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ.
ആരോപണ വിധേയരായ അധ്യാപകര്‍ക്കും സ്കൂള്‍ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അമ്ബതോളം വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
