ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാതെ രാജ്യത്ത് നാലു കോടി ആളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍.

ജൂലൈ 18 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

ജൂലൈ 18 വരെ ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരുടെ എണ്ണം നാലു കോടിയാണെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്‍ക്കും, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ വര്‍ഷം മാര്‍ച്ച്‌ 16 മുതലും, 18 മുതല്‍ 59 വയസ്സ് പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതലും മുന്‍കരുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാണ്.

18 വയസ് മുതലുള്ള എല്ലാവര്‍ക്കും സൗജന്യ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നത് ജൂലൈ 15 മുതല്‍ ആരംഭിച്ചു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തില്‍ ‘കോവിഡ് വാക്സിനേഷന്‍ അമൃത് മഹോത്സവ്’ എന്ന പേരില്‍ പ്രത്യേക വാക്സിന്‍ യജ്ഞവും നടത്തുന്നുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *