സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് കാനന യാത്ര ചെയ്യാന്‍ വനം വകുപ്പ് സ്വന്തമായി രണ്ടു ബസുകള്‍ വാങ്ങി.
ഒരു മാസത്തോളമായി ബസുകള്‍ വന്യജീവി സങ്കേതം ഓഫീസിനു മുന്നില്‍ വിശ്രമത്തിലാണ്. രണ്ടാഴ്ചക്കുള്ളില്‍ സര്‍വീസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വര്‍ഷങ്ങളായി കാനന യാത്ര സര്‍വിസ് നടത്തുന്ന ടാക്സി ജീപ്പുകാര് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ തടസവാദം ഉന്നയിച്ചതാണ് ബസുകളുടെ സര്‍വീസ് വൈകാന്‍ കാരണം.
50 ലക്ഷത്തോളം മുടക്കിയാണ് ബസുകള്‍ വാങ്ങിയത്. ഇത് സര്‍വിസ് തുടങ്ങിയാല്‍ കാനന യാത്ര സഞ്ചാരികള്‍ക്ക് കൂടുതല്‍ സുഗമവും രസകരവുമാകും. 24 യാത്രക്കാര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാം. കാനന ഭംഗി നന്നായി ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ബസിന്റെ നിര്‍മാണം. മൃഗങ്ങള്‍ക്ക് അലോരസമുണ്ടാക്കുന്ന രീതിയിലുള്ള ശബ്ദവും ഉണ്ടാകില്ല.
നിലവില്‍ ദിവസവും 450 ഓളം സഞ്ചാരികളാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ കാനനഭംഗി ആസ്വദിക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. രാവിലെ 40 ട്രിപ്പുകളും വൈകുന്നേരം 20 ട്രിപ്പുകളും എന്ന നിലയിലാണ് ജീപ്പ് സര്‍വീസ്. ഒരു ജീപ്പില്‍ ഏഴു സഞ്ചാരികളെയാണ് ഉള്‍പ്പെടുത്തുന്നത്. വനത്തിനുള്ളിലൂടെ 11 കിലോമീറ്ററും ദേശീയ പാതയിലൂടെ ആറ് കിലോമീറ്ററുമാണ് സഞ്ചരിക്കാവുന്നത്. ഒരു മണിക്കൂര്‍ യാത്രക്ക് ഒരു ജീപ്പ് ഈടാക്കുന്നത് 800 രൂപയാണ്. ഇത് കൂടാതെ ഒരു യാത്രക്കാരനില്‍ നിന്ന് 160 രൂപ വനം വകുപ്പും ഈടാക്കുന്നുണ്ട്.
ബസിന്റെ ചാര്‍ജ് ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരാള്‍ക്ക് വനം വകുപ്പ് ഫീസ് അടക്കം 300 രൂപയോളം മാത്രമേ ചെലവ് വരു എന്നാണ് വന്യജീവി സങ്കേതം അധികൃതര്‍ നല്കുന്ന സൂചന. ജീപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ സഞ്ചാരികള്‍ക്ക് ബസാണ് ലാഭം. ജീപ്പുകാരുമായി വനം വകുപ്പ് ഇതിനോടകം മൂന്നുവട്ടം ചര്‍ച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ബസ് സര്‍വിസ് തുടങ്ങാനുള്ള ശ്രമമാണ് മുത്തങ്ങ വന്യജീവി സങ്കേതം അധികൃതര്‍ നടത്തുന്നത്.
