അടുക്കളയില്‍ അഗ്നിബാധ; പൊലീസിന്‍റെ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി

അരീക്കോട്: നടുവിലങ്ങാടി കൊട്ടാര കടവില്‍ വീടിന്റെ അടുക്കളയില്‍ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.കൊട്ടാര കടവില്‍ താമസിക്കുന്ന സുബൈദയുടെ വീടിന്‍റെ അടുക്കളയിലാണ് സംഭവം.

ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നത് പ്രദേശവാസികളാണ് കണ്ടത്.

തുടര്‍ന്ന് അരീക്കോട് പൊലീസിലും മുക്കം അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അരീക്കോട് പൊലീസ് സംഭവസ്ഥലത്തെത്തി ജനല്‍ വാതില്‍ തകര്‍ത്തും വീടിന്‍റെ അടുക്കള വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയുമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

വലിയ രീതിയില്‍ അടുക്കളയില്‍ തീ പടര്‍ന്ന് പിടിച്ചിരുന്നു. അടുക്കളയില്‍ റീഫില്‍ ചെയ്ത് വെച്ച രണ്ട് സിലിണ്ടര്‍ പാചകവാതകവും ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടരും മുമ്ബ് അരീക്കോട് പൊലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

മുക്കത്തുനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും എത്തി. മോട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ഫ്രിഡ്ജ്, ഓവന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ പൂര്‍ണമായി നശിച്ചു. അരീക്കോട് എസ്.എച്ച്‌.ഒ അബാസ് അലിയുടെ നേതൃത്വത്തില്‍ എസ്. ഐ കെ.ജി. ജിതിന്‍, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ ഷിനോജ്, പ്രദേശവാസികള്‍ എന്നിവരടങ്ങുന്ന സംഘമാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *