നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പത്തനംതിട്ട: അടൂര്‍ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍.

അമ്മകണ്ടകര കലാഭവനില്‍ ശ്രീജിത്താണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേന്നമ്ബള്ളി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കും ഇന്നലെ പുലര്‍ച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു.

പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. ചോദ്യം ചെയ്തപ്പോള്‍ അടൂരില്‍ അടിക്കടി വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവത്തിനു പിന്നില്‍ ഇയാളാണെന്ന് തെളിഞ്ഞു.

ചേന്നമ്ബള്ളിയില്‍ രണ്ട് ലോറിയും ഓട്ടോറിക്ഷയും മണ്ണുമാന്തി യന്ത്രവും കത്തിച്ചതു കൂടാതെ നേരത്തെ അടൂരിലെ പഴയ ടൗണ്‍ഹാള്‍ നിന്നിരുന്ന സ്ഥലത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍, ആരോഗ്യ വകുപ്പിന്റെ പഴയ ആംബുലന്‍സ്, നഗരസഭയുടെ ലോറി എന്നിവ കത്തിക്കുകയും സെന്റ് മേരീസ് സ്കൂളില്‍ രണ്ട് തവണ തീയിടുകയും ചെയ്തത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി ആര്‍ ബിനുവിന്റെ നേതൃത്വത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *