ഹിന്ദി വാദവുമായി വീണ്ടും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിനോടുള്ള അഭിനിവേശം മൂലം രാജ്യത്ത് ജനങ്ങളുടെ കഴിവിന്റെ അഞ്ച് ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഭാഷാഭേദമില്ലാതെ മുഴുവന്‍ കഴിവും ഉപയോഗിക്കാനായാല്‍ ഇന്ത്യ ‘സൂര്യനെ പോല ജ്വലിക്കും’ എന്നും അമിത് ഷാ പറഞ്ഞു.
കോടതി കേസുകളില്‍ താന്‍ ‘കുടുങ്ങിക്കിടന്ന’ നാളുകളെ ഉദാഹരണമാക്കിയായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. ‘കോണ്‍ഗ്രസ് എനിക്കെതിരെ നിരവധി പരാതികള്‍ അടിച്ചേല്‍പ്പിച്ചു. കോടതിയില്‍ ഞാന്‍ അതിനെതിരെയെല്ലാം പോരാടി. ഒരുപാട് മികച്ച അഭിഭാഷകരുണ്ടായിരുന്നു, അവര്‍ വിദഗ്ധമായി കേസുകള്‍ വാദിക്കുന്നത് ഞാന്‍ കണ്ടു. പ്രാദേശിക കോടതികളിലെ അഭിഭാഷകര്‍ കേസുകള്‍ വാദിക്കുന്നത് ആ സമയത്ത് കണ്ടു. നിയമത്തിലെ പ്രാവീണ്യത്തിന്റെ കാര്യത്തില്‍ അവര്‍ സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകരേക്കാളും മുന്നിലായിരുന്നു. പക്ഷെ അവര്‍ക്ക് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കേസുകള്‍ വാദിക്കാന്‍ സാധിക്കില്ല, ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാത്തതാണ് ഇതിന് കാരണം. അവര്‍ പഠിക്കുന്ന സമയത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഇല്ലാതിരുന്നത് അവരുടെ കുറ്റമാണോ?’, അമിത് ഷാ ചോദിച്ചു.
ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച കാലത്തെ കുറിച്ചും അമിത് ഷാ പരിപാടിയില്‍ പറഞ്ഞു. ആ സമയങ്ങളില്‍, ദിവസവും നാല് മണിക്കൂര്‍ ഹിന്ദിയില്‍ നിന്ന് ഗുജറാത്തിയിലേക്കുള്ള വിവര്‍ത്തനത്തിലൂടെ ഹിന്ദിയിലെ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നായിരുന്നു പ്രതികരണം. ‘ഹിന്ദിയിലെ പ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഇംഗ്ലീഷിന് ശ്രദ്ധ നല്‍കൂ എന്നായിരുന്നു ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു നേതാവ് അന്ന് പറഞ്ഞത്. ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഇംഗ്ലീഷ് പഠിക്കുന്നത് എന്നായിരുന്നു അന്ന് അദ്ദേഹത്തോട് പറഞ്ഞത്. ശരിയായ ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലുള്ള അപകര്‍ഷതാബോധം ഞാന്‍ അനുഭവിക്കുന്നില്ല. രാജ്യത്തിന്റെ ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യം എന്നെ അംഗീകരിക്കണം എന്നാണ് എന്റെ ലക്ഷ്യം’, ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
