‘ബന്ധുനിയമനം’ ബിജെപിയെ തിരിച്ചടിക്കുന്നു; കരിവാരിത്തേക്കാനുള്ള ശ്രമമെന്ന് സുരേന്ദ്രന്‍; മകന്റെ ജോലി വിവാദത്തില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജോലി നേടിയ നടപടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നു. നടപടി ബന്ധുനിയമനമാണെന്ന സംശയം ഉണര്‍ത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സംഭവം രാഷ്ട്രീയ വിവാദമാകുന്നത്. സര്‍വകലാശാലകളിലെ ബന്ധുനിയമന ആരോപണം ഉയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപിയും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് ബിജെപിയെ കുരുക്കിലാക്കി പുതിയ വാര്‍ത്ത പുറത്തു വരുന്നത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ടനോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് കെ സുരേന്ദ്രന്റെ മകന് നിയമനം ലഭിച്ചത്. ബി ടെക് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു ഒഴിവിലേയ്ക്ക് ഹരികൃഷ്ണന്‍ കെ എസിന് നിയമനം നല്‍കിയെന്നും എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ മാസങ്ങള്‍ക്കു ശേഷവും സ്ഥാപനം തയ്യാറാകുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടപടികളില്‍ അവ്യക്തതയുണ്ടെന്ന് പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്.
2021 ഡിസംബര്‍ എട്ടിനാണ് മൂന്ന് തസ്തികകളിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ബിടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റല്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കായിരുന്നു അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചത്. മുന്‍പ് ശാസ്ത്രവിഷയങ്ങളിലെ ബിരുദാനന്തര ബിരുദമായിരുന്നു യോഗ്യതയെങ്കില്‍ ഇതാദ്യമായാണ് ബിടെക് യോഗ്യതയായി പരിഗണിച്ചത്. 48 ഉദ്യോഗാത്ഥികളില്‍ നിന്ന് നാലു പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്ക് ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് തിരക്ക് പിടിച്ചായിരുന്നു ആര്‍സിബി നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഒടുവില്‍ കെ സുരേന്ദ്രന്റെ മകന് നിയമനം ലഭിക്കുകയായിരുന്നു. റാങ്ക് പട്ടിക സംബന്ധിച്ച സംശയങ്ങള്‍ക്ക് സ്ഥാപനം ഉത്തരം നല്‍കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. 70,000 രൂപ ശമ്പളത്തില്‍ ജൂണ്‍ മാസത്തില്‍ നിയമനം ലഭിച്ച ഹരികൃഷ്ണനെ ഡല്‍ഹിയില്‍ വിദഗ്ധ പരിശീലനത്തിനായി അയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തി. നടന്നത് ബന്ധുനിയമനം തന്നെയാണെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സ്ഥാപനം വിശദീകരിക്കുന്നത്.
വാര്‍ത്ത സിപിഎം ആയുധമാക്കിയതിനു പിന്നാലെ വിശദീകരണവുമായി കെ സുരേന്ദ്രന്‍ തന്നെ രംഗത്തെത്തി. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *