ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും.
സമര്‍ഖണ്ഡില്‍ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
റഷ്യ, ഉസ്ബെക്കിസ്ഥാന്, ഇറാന് രാജ്യ തലവന്മാരുമായി പ്രധാനമന്ത്രി നയതന്ത്രതല കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗ്രോഗ, ഹോട്ട് സ്പ്രിങ് തുടങ്ങീ തര്‍ക്ക മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ലഡാക്കില്‍ ചൈന കടന്നുകയറ്റം നടത്തിയതിന് ശേഷം ഇരു നേതാക്കളും നേരില്‍ കണ്ടിട്ടില്ല.
2001 ജൂണില്‍ ഷാങ്ഹായില്‍ ആരംഭിച്ച എസ് സി ഒയില്‍ ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവരുള്‍പ്പെടെ ആറ് സ്ഥാപക അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2017ല്‍ ഇന്ത്യയും പാകിസ്ഥാനും ഇതിലേക്ക് അംഗങ്ങളായി ചേര്‍ന്നു. അടുത്തിടെയാണ് ഇറാന് സംഘടനയിലേക്ക് അംഗത്വം ലഭിക്കുന്നത്. സ്ഥിരം അംഗങ്ങള്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെ തലവന്മാരും യോഗത്തില്‍ പങ്കെടുക്കും.
