പത്തനംതിട്ട: കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍.
എറണാകുളം പെരുമ്ബാവൂര്‍ കളമാലില്‍ വീട്ടില്‍ കെഎം വര്‍ഗീസ്(67) ആണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് കേസിനാസ്പദമായ അപകടം നടന്നത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി അസീസ്(35) ആണ് അപകടത്തില്‍ മരിച്ചത്. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ ആയിരുന്നു അപകടം.
സിന്‍സി സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന സിന്‍സിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനല്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇയാള്‍ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
