മലപ്പുറം: ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 1.075 മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം.
ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ് (24) ആണ് പിടിയിലായത്. ആഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന്റെ തൂക്കം 1001 ഗ്രാം ആണ്. ഇത് 125 പവനില്‍ അധികം വരും.
4 ക്യാപ്സ്യൂളുകളിലായാണ് ഇയാള്‍ മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം ഒളിച്ച് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളത്തിന് പുറത്ത് കടന്ന സല്‍മാനുല്‍ ഫാരിസിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. ചൊവ്വാഴ്ച രാവിലെ8 മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് (SG 018 ) സല്‍മാനുല്‍ ഫാരിസ് കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാന്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സല്‍മാനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
എക്‌സ്‌റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. സല്‍മാനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 64-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
