ഗവര്‍ണറുടെ അന്ത്യശാസനം വകവയ്ക്കാതെ ഇടത് അംഗങ്ങള്‍ ; സെനറ്റ് യോഗം ഒന്നാകെ ബഹിഷ്‌കരിച്ചു, ക്വാറം തികയാതെ പിരിഞ്ഞു

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം വകവയ്ക്കാതെ സെനറ്റ്.

ഇടത് അംഗങ്ങള്‍ ഒന്നാകെ ബഹിഷ്‌കരിച്ചതോടെ ഇക്കാര്യത്തില്‍ വിളിച്ചുചേര്‍ത്ത സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു.

ഇന്നലെ െവെകുന്നേരത്തിനകം സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ കണ്ടെത്തണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. അല്ലാത്തപക്ഷം, സെനറ്റ് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പു നല്‍കി. ഈ ഭീഷണിക്കു വഴങ്ങിയാണ് െവെസ് ചാന്‍സലര്‍ ഡോ: വി.പി. മഹാദേവന്‍ പിള്ള ഇന്നലെ സെനറ്റ് യോഗം വിളിച്ചത്.
വി.സിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും യു.ഡി.എഫ്. അംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ യോഗത്തിനെത്തി. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്. മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് അംഗങ്ങള്‍ വിട്ടുനിന്നത്.
ഇന്നലെ സെനറ്റ് യോഗം വിളിച്ച നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചു. സെനറ്റ് ഒരു പ്രമേയം പാസാക്കിയാല്‍ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് 20ന് ചേര്‍ന്ന സെനറ്റ് െകെക്കൊണ്ട തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേര്‍ക്കണമായിരുന്നെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍വകലാശാലാ നിയമത്തിനു വിരുദ്ധമായതിനാല്‍ ഇന്നലത്തെ യോഗത്തിന് തീരുമാനങ്ങള്‍ െകെക്കൊള്ളാന്‍ കഴിയുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ക്വാറം തികയാതെ വന്നതോടെ സെനറ്റിലെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.
സര്‍വകലാശാലയില്‍ ഉണ്ടായിരുന്നിട്ടും യോഗത്തില്‍ ഇടത് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ എം. വിന്‍സെന്റ് എം.എല്‍.എ. വിമര്‍ശിച്ചു. ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *