കൊല്ലം- ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെടാതിരിക്കാന്‍ മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവ് പിടിയില്‍. കുളത്തൂപ്പുഴ സിലോണ്‍ മുക്ക് സ്വദേശി യോഗേഷ് (55) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലിസി (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യോഗേഷും ലിസിയും തമ്മില്‍ ഏറെ നാളുകളായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ്
കത്തി ഉപയോഗിച്ച് ലിസിയെ കിടപ്പുമുറിയില്‍ വെച്ച് തന്നെ വെട്ടി പരിക്കേല്‍പിച്ചത്. ലിസി രക്ഷപ്പെടാതിരിക്കാന്‍ സംഭവ ശേഷം മുറി പൂട്ടി യോഗേഷ് രക്ഷപ്പെടുകയായിരുന്നു.
ലിസിയുടെ നിലവിളി കേട്ട സമീപവാസി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ലിസിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിടിയിലായ പ്രതിയെ പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി കുളത്തുപ്പുഴ എസ്.ഐ അനീഷ് പറഞ്ഞു. യോഗേഷിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്ത പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
