അബൂദബി: അനുമതിയില്ലാതെ രണ്ടുപേരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവാവിനോട് കോടതി.
അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിട്സ്ട്രേറ്റിവ് കോടതിയുടെ ഉത്തരവ് അബൂദബി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ടിക് ടോക്കിലും സ്നാപ്ചാറ്റിലും പങ്കുവെച്ച വിഡിയോയില്‍ ഉള്‍പ്പെടുത്തിയതിനാണ് അബൂദബി സ്വദേശി രണ്ടുപേര്‍ക്കുമായി 15,000 ദിര്‍ഹം നല്‍കേണ്ടത്.
തങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിനെതിരെ ഇരുവരും സ്വകാര്യതയില്‍ കടന്നുകയറിയതിന് 51,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബൂദബി സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, നഷ്ടപരിഹാരമായി കുറഞ്ഞ തുകയാണ് കോടതി അനുവദിച്ചത്. കീഴക്കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതിയും ശരിവെച്ചു.
മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രം പകര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ആറുമാസം തടവോ അല്ലെങ്കില്‍ ഒന്നര ലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തപ്പെടുമെന്നുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
