മലപ്പുറം: ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിനില്‍ 2,431,201 പേര്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു അംഗത്വ കാമ്പയിന്‍. 2016 ല്‍ 22 ലക്ഷം ആയിരുന്നു അംഗങ്ങളുടെ എണ്ണം. ഈ കാമ്പയിനില്‍ 233,295 അംഗങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായി. മുസ്ലിംലീഗ് അംഗത്വമെടുത്തവരില്‍ 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരുമാണ്. ജാതിമത ഭേതമന്യേ മുസ്ലിം ലീഗിന്റെ ആശയ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന 18 വയസ്സ് തികഞ്ഞവര്‍ക്കാണ് അംഗത്വം നല്‍കിയത്. മുസ്ലിംലീഗില്‍ അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 36 വയസ്സില്‍ താഴെയുള്ളവരാണ് എന്നത് പ്രധാന പ്രത്യേകതയാണ്. യുവാക്കളും യുവതികളും ധാരാളമായി മുസ്ലിംലീഗിലേക്ക് കടന്നുവരുന്നതിന്റെ സൂചനയാണിത്.
മുസ്ലിംലീഗ് അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയായമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിന്‍ നടന്നത്. സംസ്ഥാനത്തൊട്ടാകെ ഡിസംബര്‍ ഒന്നിന് ആരംഭിച്ച വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബര്‍ 31ന് പൂര്‍ത്തീകരിച്ചു. ഇപ്പോള്‍ പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ചുവരികയാണ്. ജനുവരി പതിനഞ്ചിനകം പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാകും. 15ന് ശേഷം മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. ശേഷം ജില്ലാ കമ്മിറ്റികളും രൂപീകരിക്കും. മാര്‍ച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികള്‍ വരുന്നത്. മുസ്ലിംലീഗ് കമ്മിറ്റികള്‍ക്കൊപ്പം വാര്‍ഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപീകരിച്ച് വരികയാണ്.
സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ വാര്‍ റൂം വഴിയാണ് അംഗത്വ കാമ്പയിന്റെ കാര്യങ്ങള്‍ ക്രോഡീകരിച്ചത്. സംശയങ്ങളും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി 24 പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പ്രവര്‍ത്തിച്ചു.
