ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ; ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള നീക്കം മുഖ്യമന്ത്രി തടയണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ.

‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയില്‍ ഇന്നു വൈകിട്ടാണ് പ്രദര്‍ശനം. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഇതിനെതിരേ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തി. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. രണ്ടു ദശകം മുമ്ബ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്? ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച്‌ വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *