
പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തി എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഇടുക്കി ദേവികുളം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എത്രയുംവേഗം സ്റ്റേ സമ്ബാദിക്കാനുള്ള ശ്രമവുമായി സി.പി.എം.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്കും ഇടുക്കി ജില്ലാ നേതൃത്വത്തിനും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിനെതിരായ ആരോപണങ്ങളും ഇടുക്കിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലുണ്ടായ തിരഞ്ഞെടുപ്പ് വിധി വലിയ കുരുക്കാണെന്നു കണ്ടാണ് നീക്കം. സ്റ്റേ കിട്ടിയില്ലെങ്കില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും. 7847 വോട്ടിനായിരുന്നു രാജ വിജയിച്ചത്.
രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയന്‍ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.സോമരാജന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി. താന്‍ ഹിന്ദു പറയന്‍ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്.
തമിഴ്‌നാട്ടിലെ ഹിന്ദു പറയന്‍ സമുദായക്കാരാണ് രാജയുടെ പൂര്‍വികര്‍. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. രാജയുടെ കുടുംബം ക്രിസ്തുമതത്തില്‍ ചേര്‍ന്നുവെന്നാണ് ആരോപണം. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ക്രിസ്തുമതത്തിലേക്ക് മാറിയ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാനാവില്ലെന്നായിരുന്നു കുമാറിന്റെ വാദം. എന്നാല്‍, കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിച്ചിട്ടില്ല.
മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനുമായി ബന്ധപ്പെട്ട ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷമായ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന സാഹചര്യം സി.പി.എം ആഗ്രഹിക്കുന്നില്ല. 2006 മുതല്‍ തുടര്‍ച്ചയായി ദേവികുളത്ത് നിന്ന് വിജയിച്ച രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ രാജയെ മത്സരിപ്പിച്ചത്. തുടര്‍ന്ന് രാജേന്ദ്രന്‍ ജില്ലാ നേതൃത്വവുമായി ഇടഞ്ഞു. രാജയെ തോല്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണവും പാര്‍ട്ടിയിലുയര്‍ന്നു. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സി.പി.എം പ്രതീക്ഷ
1.നേരത്തേ സമാനമായ കേസുകളില്‍ കോണ്‍ഗ്രസ് എം.പിയായ കൊടിക്കുന്നില്‍ സുരേഷിനും സി.പി.എമ്മിലെ തന്നെ പി.കെ.ബിജുവിനും സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധികള്‍ നേടിയെടുക്കാനായി
2.കിര്‍ത്താഡ്സിന്റെ രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ അപാകതയില്ലെന്ന് തെളിയിക്കാനാകും
3.കുട്ടിക്കാലം മുതലുള്ള ആനുകൂല്യങ്ങള്‍ക്കടക്കം സമര്‍പ്പിച്ചിരിക്കുന്നത് പട്ടികജാതി വിഭാഗക്കാരനെന്ന നിലയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍
രേഖകളില്‍ കൃത്രിമം: ഹൈക്കോടതി
ക്രിസ്‌ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ കുണ്ടള സി.എസ്.ഐ പള്ളിയിലെ ഫാമിലി, ശവസംസ്കാര രജിസ്റ്ററുകളില്‍ രാജയുടെ മാതാപിതാക്കളായ ആന്റണി, എസ്തര്‍ എന്നിവരുടെ പേരുകള്‍ അന്‍പുമണി, എല്‍സി എന്നിങ്ങനെ തിരുത്തി. മുത്തച്ഛന്‍ ലക്ഷ്മണന്‍ എന്നപേര് എല്‍. രമണന്‍ എന്നും മുത്തശ്ശി പുഷ്പയുടെ പേര് പുഷ്പമണിയെന്നും തിരുത്തി. കൃത്രിമം കാട്ടിയതാണെന്ന് വ്യക്തം.
നിലവിളക്കു കൊളുത്തിയും താലി കെട്ടിയും ഹിന്ദു മതാചാര പ്രകാരമാണ് തന്റെ വിവാഹം നടന്നതെന്ന് രാജ പറയുന്നുണ്ടെങ്കിലും തെളിവില്ല. ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള ചടങ്ങാണ് നടന്നതെന്ന് ഫോട്ടോകളില്‍ വ്യക്തം.
വിവാഹ സമയത്ത് രാജ ഓവര്‍കോട്ടും ഭാര്യ ക്രിസ്ത്യന്‍ വിവാഹ രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്. സത്യം മറച്ചു വയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം വ്യക്തമാണ്.
”രേഖകള്‍ തിരുത്തിയത് ഇന്ത്യന്‍ ശിക്ഷാ നിയമം192 പ്രകാരം കുറ്റകരമാണ്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇതിനായി ആര്‍ക്കും ഹൈക്കോടതിയെ സമീപിക്കാനാവും.