തിരുവനന്തപുരം: പിണറായി വിജയൻ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയില്‍ പ്രതിഫലിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ സര്‍ക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇത്രയും വലിയ പരാജയം ഇടത് മുന്നണിക്കുണ്ടാവാൻ കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദത്തിലും അതുപോലെയുള്ള അഴിമതിക്കേസുകളിലും മുഖ്യമന്ത്രി ഉള്‍പ്പെട്ടത് ജനരോഷമുണ്ടാക്കി. ഭരണസ്തംഭനവും ഓണക്കാലത്തെ വറുതിയും സര്‍ക്കാര്‍ വിരുദ്ധ വികാരം ജ്വലിപ്പിച്ചു. ദേശീയതലത്തില്‍ ഐ.എൻ.ഡി.ഐ.എ മുന്നണി വന്നതോടെ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായി. ത്രിപുരയില്‍ സിറ്റിംഗ് സീറ്റീല്‍ പോലും സി.പി.എമ്മിന് കെട്ടിവെച്ച തുക നഷ്ടമായി. ത്രിപുരയില്‍ ബി.ജെ.പി ഇതിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ പുതുപ്പള്ളിയില്‍ നേട്ടം കോണ്‍ഗ്രസിനായെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി,
പ്രധാനപ്പെട്ട നേതാക്കള്‍ മരണപ്പെട്ട ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അവരുടെ ബന്ധുക്കള്‍ ജയിക്കുന്നത് കേരളത്തില്‍ പതിവാണ്. പി.ടി. തോമസ് മരിച്ചപ്പോഴും ജി.കാര്ത്തികേയൻ മരിച്ചപ്പോഴും അത് കണ്ടതാണ്. കെ.എം. മാണി മരണപ്പെട്ടപ്പോള്‍ മാത്രമാണ് അതിന് ഒരു അപവാദമുണ്ടായത്. ബി.ജെ.പി പിന്തുണ കൊണ്ടാണ് യു.ഡി.എഫ് വിജയിച്ചതെന്ന സി.പി.എം നേതാക്കളുടെ വാക്കുകള്‍ സര്‍ക്കസിലെ കോമാളികളുടെ കോമഡി പോലെയാണ്. സ്വന്തം വോട്ട് നിലനിര്‍ത്താനാവാത്തവര്‍ ബി.ജെ.പിയുടെ വോട്ട് തിരയുന്നത് ഔചിത്യമല്ല. ഇടതുപക്ഷത്തിന്റെ 12,000ല്‍ പരം വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ കിട്ടിയത്. ഇടതുപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് യുഡിഎഫിന് ലഭിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ അടിത്തറയിളകിയില്ല എന്ന് എംവി ഗോവിന്ദൻ പറയുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയല്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് അപ്രസക്തമാവും. അവിടെ യു.ഡി.എഫും ബി.ജെ.പിയുമായിട്ടാവും മത്സരം. ഐ.എൻ.ഡി.ഐ.എ മുന്നണിക്ക് ഒരു സ്ഥാനാര്‍ത്ഥി പോരെയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എൻ.ഡി.എയുടെ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കും. വലിയ വിജയത്തില്‍ ചാണ്ടി ഉമ്മനെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
