കെ ബാബുവിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ബാബുവിനെതി്രെ ത്വരിതപരിശോധന നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ത്വരിതപരിശോധനയില്‍ ബാബു നല്‍കിയ മൊഴിയിലെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. തിങ്കളാഴ്ച എറണാകുളം വിജിലന്‍സില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ 10 കോടി രൂപ നല്‍കിയയെന്ന ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴിയെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയ ഡിവൈഎസ്പി എംഎന്‍ രമേശ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കെ ബാബുവിനെ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്തിരുന്നു.

ബാബു പണം വാങ്ങിയതിനു തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പ്രാഥമികാന്വേഷണം വിജിലന്‍സിന്റെ നടപടിക്രമങ്ങളില്‍ പെടുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ടു.

ത്വരിതാന്വേഷണം വൈകിയതോടെ കോടതി കടുത്ത നിലപാടെടുക്കുകയും ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ബാബു നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ത്വരിതാന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനി നേരിട്ട് നടത്തിയ ത്വരിതാന്വേഷണത്തിനൊടുവില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ബാബുവിനെതിരേ തെളിവില്ലെന്ന കണ്ടെത്തലാണ് ഉണ്ടായിരുന്നത്. ഇതോടെ നിശാന്തിനി അന്വേഷണം അട്ടിമറിച്ചെന്ന് ആരോപണമുയര്‍ന്നു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവും ബാറുടമയുമായ വിഎം രാധാകൃഷ്ണന്‍ ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് കെ ബാബുവിനെതിരേ വീണ്ടും ത്വരിതാന്വേഷണത്തിന് ഉത്തരവായത്.

ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും മദ്യനയം രൂപീകരിച്ചതിലുമെല്ലാം വന്‍ അഴിമതി നടന്നു, ഇഷ്ടക്കാര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ബാബു വഴിവിട്ട ഇടപെടലുകള്‍ നടത്തി, ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെപ്പോലും ഇടനിലക്കാരനാക്കി പണം പിരിച്ചു, അഴിമതി നടത്താന്‍ വേണ്ടി ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റി തുടങ്ങിയ ആരോപണങ്ങളാണ് വിഎം രാധാകൃഷ്ണന്‍ ഉന്നയിച്ചത്.

ത്വരിത പരിശോധനയില്‍ 100 കോടിയുടെ അഴിമതി നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ജൂലൈ 20ന് വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മന്ത്രിക്ക് കൈക്കൂലി നല്‍കുന്നതിനായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ അംഗങ്ങളായ ഹോട്ടലുടമകളില്‍ നിന്നു കോടിക്കണക്കിനു രൂപ പിരിച്ചെന്നും ഇതിന്റെ കണക്ക് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്നും ത്വരിതപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാറുടമകള്‍ പിരിച്ച പണം എവിടേക്കു പോയി എന്ന സുപ്രധാന ചോദ്യത്തിനാണ് വിജിലന്‍സിന് ഉത്തരം കണ്ടെത്താനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *