മലപ്പുറം
റേഷന്‍ കട ജീവനക്കാരനായ അബൂബക്കറിന് ഇനി മുറിവ് കെട്ടാന്‍ കോഴിക്കോട് വരെ പോകേണ്ടതില്ല. മാസത്തില്‍ ആയിരക്കണക്കിന് രൂപ മരുന്നിനും യാത്രയ്ക്കുമായി ചെലവഴിക്കേണ്ടതില്ല. ഇപ്പോള്‍ നാട്ടില്‍ തന്നെ ചികിത്സയുണ്ട്. മരുന്നുകളെല്ലാം സൗജന്യമായി കിട്ടുന്നുമുണ്ട്.
മലപ്പുറം ഇരുമ്പുഴി സ്വദേശിയും 63 കാരനുമായ അബൂബക്കറിന് രണ്ട് വര്‍ഷത്തോളമായി കാലില്‍ മുറിവ് വന്നിട്ട്. രണ്ട് ദിവസം ഇടവിട്ട് മരുന്നു വെച്ച് കെട്ടണം. പ്രമേഹ രോഗിയായതിനാല്‍ മുറിവുണങ്ങാന്‍ പ്രയാസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പലപ്പോഴും മുറിവ് കെട്ടാന്‍ പോകാന്‍ പറ്റാതായി. മാസത്തില്‍ നല്ലൊരു തുക ചികിത്സയ്ക്കും യാത്രയ്ക്കും മരുന്നുകള്‍ക്കുമായി ചെലവഴിക്കാന്‍ സാധിക്കാത്തതുതന്നെ കാരണം. പിന്നീടാണ് ആനക്കയം പഞ്ചായത്തിലെ പാണായി ജനകീയാരോഗ്യ കേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങളെക്കുറിച്ചറിഞ്ഞത്. ഇപ്പോള്‍ നല്ല ചികിത്സ സൗജന്യമായി കിട്ടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ആരോഗ്യകേന്ദ്രത്തിലെത്തുന്നു. മുറിവ് ഉണങ്ങി വരുന്നു.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവരാണ് ജനകീയാരോഗ്യകേന്ദ്രത്തിലുള്ളത്. അബൂബക്കറിനെ പോലെ നിരവധി കുടുംബങ്ങള്‍ക്കാണ് ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ കൈത്താങ്ങാകുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. അതോടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. എട്ട് പി.പി യൂണിറ്റ് ഉള്‍പ്പെടെ 589 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ പൂക്കോട്ടുര്‍ പഞ്ചായത്തിലെ അത്താണിക്കല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിനും നിറമരതൂര്‍ ഗ്രാമ പഞ്ചായത്തിലെ നിറമരുതൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിനും നാഷണല്‍ ക്വാളിറ്റി അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. പാണായി, മേലങ്ങാടി, പൂക്കോട്ടുമണ്ണ, താനാളൂര്‍ കേന്ദ്രങ്ങളില്‍ കൂടി നാഷണല്‍ അസ്സെസ്സ്മെന്റ് നടക്കും. ജീവിതശൈലീരോഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാര്‍ഷികാരോഗ്യ പരിശോധന, പ്രാഥമിക രോഗ ചികിത്സ, ഗര്‍ഭകാല പരിചരണം, ടെലി മെഡിസിന് സേവനങ്ങള്‍, വയോജന ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നത്. സാമൂഹിക ഇടപെടലിലൂടെ പ്രാഥമിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നത്
