പാചകവാതക വിതരണം നിലച്ചു

മലപ്പുറം: ഐ.ഒ.സി. ചേളാരി ബോട്ടലിംഗ് പ്ലാന്റില്‍ ട്രക്ക് തൊഴിലാളികള്‍ പണിമുടക്കി പാചകവാതക വിതരണം നിലച്ചു. ചേളാരി പ്ലാന്റില്‍ കരാറുള്ള 6 ട്രക്കുകളേയും ഡ്രൈവര്‍മാരേയും കോയമ്പത്തൂര്‍ പ്ലാന്റിലേക്ക് സെയില്‍സ് മാനേജറുടെ നിര്‍ദ്ദേശം അനുസരിച്ച് ഒരാഴ്ചത്തേക്ക് മാറ്റിയിരുന്നു. പാലക്കാട് ജില്ലയിലെ ഏജന്‍സികളായ ഐ.സി.പി, എം.കെ, കുമാര്‍ എന്നീ ഗ്യാസ് ഏജന്‍സികളുടെ ട്രക്കുകളെയാണ് മാറ്റിയത്. ലോഡിനായി കോയമ്പത്തൂര്‍ പ്ലാന്റില്‍ എത്തിയപ്പോള്‍ ഇവിടുത്തെ ട്രക്കുകള്‍ക്ക് ലോഡ് നല്‍കുവാന്‍ അധികൃതര്‍ തയ്യാറായില്ല. കേരള വണ്ടികള്‍ക്ക് ടേണിലിടാന്‍ പോലും അനുവദിക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടിച്ചു. ഒരു മാസത്തോളം ദുരിതമനുഭവിച്ച തൊഴിലാളികള്‍ ചേളാരി പ്ലാന്റ് മാനേജര്‍ എസ്. ശിവകുമാറിനെ കണ്ട് സങ്കടം ബോധിപ്പിച്ചെങ്കിലും തൊഴിലാളികളുടെ ന്യായമായ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ല എന്ന് മാത്രമല്ല ഞാറാഴ്ച ജോലിക്ക് തയ്യാറാവണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ക്ഷോഭിതരായ തൊഴിലാളികള്‍ ജോലിയില്‍ നിന്നും വിട്ടുനിന്നു. ഇതോടെ കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലയിലേക്കുള്ള ചരക്കു നീക്കം നിലച്ചിരിക്കുകയാണ്. ഐ.ഒ.സി. അധികൃതരുടെ അലംഭാവത്തിന്റെ ഭാഗമായുണ്ടായ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും കേരള പെട്രോളിയം & ഗ്യാസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.ഗോവിന്ദന്‍കുട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *