മലപ്പുറം: അപ്ഹില്ലിലെ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയാണ് മലപ്പുറം നഗരത്തിന്റെ ഇന്നത്തെ പ്രധാന മുഖച്ചിത്രം; പക്ഷെ അത് വികൃതമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടവും അറ്റകുറ്റപണികള്‍ നടത്താത്ത പരിസരങ്ങളുമാണ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയുടെ മങ്ങിയ ചിത്രം. നഗരത്തിന്റെ പലഭാഗങ്ങളിലും സ്വകാര്യ ഭൂമികളില്‍ ബഹുനിലകെട്ടിടങ്ങള് വളര്‍ന്നെങ്കിലും കെ.എസ്.ആര്.ടി.സിമാത്രം നഗരമധ്യത്തിലെ ഡിപ്പോയെ ഗൗനിച്ചിരുന്നില്ല. ചേരികളിലെ കുടിലുകള്‍ പോലെ പൊട്ടിപാളിഞ്ഞ കെട്ടിടങ്ങള്‍ക്കും ഗാരേജിനുമുള്ളില് ബസുകളും ജീവനക്കാരും വര്‍ഷങ്ങള്‍ തള്ളിനീക്കി. കെ.എസ്.ആര്.ടി.സിയുടെ മുഖം മിനുക്കണമെന്ന ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്പോഴാണ് യാഥാര്‍ഥ്യത്തോടടുക്കുന്നത്.
മലപ്പുറം കെ.എസ്.ആര്.ടി.സി.ഡിപ്പോയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ക്കാണ് വരുംനാളുകളില്‍ തുടക്കം കുറിക്കുന്നത്.വലിയ വ്യാപാരസമുച്ഛയവും അനുബന്ധസൗകര്യങ്ങളുമുള്ള പുതിയ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി രണ്ടിന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും..കെട്ടിടനിര്‍മാണത്തിനുള്ള നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചു.ഇപ്പോഴത്തെ സ്റ്റാന്റിന്റെ പുറകുവശത്ത് കോഴിക്കോട് റോഡിലേക്ക് അഭിമുഖമായി നാലു നില കെട്ടിടത്തോടെയാണ് പുതിയ പദ്ധതി. ഇത് വ്യാപാരാവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കും.കെട്ടിടത്തിന് മൊത്തം ആറുനിലകളാണുള്ളത്. ഇതില്‍ നാലുനിലകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. മലപ്പുറം എം.എല്‍.എ പി.ഉബൈദുള്ളയുടെ ശ്രമഫലമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
