ലക്‌നൗ: ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികള്‍. നിയമസഭയിലെത്തിയ 403 പേരില്‍ എണ്‍പത് ശതമാനം പേരും കോടിപതികളാണെന്നാണ് ഉത്തര്‍പ്രദേശിലെ സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖപാര്‍ട്ടികളുടെ പ്രതിനിധികളായി വിജയിച്ച ഒട്ടേറെപേര്‍ കോടിപതികളുടെ പട്ടികയില്‍ വരും.
മുബാറക്ക് പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി.എസ്.പി.എം.എല്‍.എ ഷാ ആലം ആണ് വിജയിച്ചവരില്‍ ഏറ്റവും ധനികന്‍. 118 കോടിയാണ് ആസ്തി. ബി.എസ്.പിയിലെ തന്നെ വിനയശങ്കറിന് 67 കോടിയും ബി.ജെ.പിയിലെ റാണി പക്ഷാലിക സിംഗിന് 50 കോടിയും സ്വത്തുണ്ട്. കുറഞ്ഞ സ്വത്തുള്ള (പത്തുലക്ഷം) മൂന്നു പേരാണ് വിജയികളായവരിലുള്ളത്. കോണ്‍ഗ്രസിലെ കുമാര്‍ ലല്ലു,ബി.ജെ.പിക്കാരായ ധനഞ്ജയ, മനിഷ എന്നിവരാണിവര്‍. നിയമസഭയിലേക്ക് രണ്ടാം തവണയും മല്‍സരിച്ച് വിജയിച്ചവരുടെ സ്വത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തിനേതിനേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആദ്യമായി വിജയിച്ചവരുടെ ശരാശരി സ്വത്ത് 8.62 കോടിയാണ്. ബി.എസ്.പിയുടെ പുതുമുഖ എം.എല്‍.എമാരില്‍ 91 ശതമാനവും കോണ്‍ഗ്രസില്‍ 91 ശതമാനവും എസ്.പിയില്‍ 85 ശതമാനവും ബി.ജെ.പിയില്‍ 77 ശതമാനവും കോടിപതികളാണ്.
