അപശ്രുതി
അതാണ് കാര്യം.
കെ.ടി.ജലീല്‍ എവിടെ നമസ്‌കരിക്കണം.
പള്ളിയിലോ പുറത്തോ?
കെ.ടി.ജലീല്‍ നമസ്‌കരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.
ജനാബ് കെ.ടി.ജലീലായിരുന്ന കാലത്തും പിന്നീട് സഖാവ് കെ.ടി.ജലീലായപ്പോഴും അദ്ദേത്തോടൊപ്പം ഇസ്്‌ലാമുണ്ട്, നിസ്‌കാരവുമുണ്ട്. പക്ഷം മാറിയതു കൊണ്ടൊന്നും അദ്ദേഹത്തിന്റെ വിശ്വാസം മാറിയിട്ടില്ല. ഇസ്്‌ലാമിനെ അദ്ദേഹം പക്ഷം മാറ്റിയിട്ടുമില്ല.
അടുത്ത ചോദ്യം, പിണറായിയുടെ യാത്രക്കിടെ പരസ്യമായി നിസ്‌കരിക്കാമോ എന്നാണ്. പിണറായി നിസ്‌കരിക്കാറില്ലെന്ന് കരുതി ജലീലിന് നിസ്‌കരിക്കാന്‍ പാടില്ലെന്നുണ്ടോ? ജലീല്‍ എവിടെ, എപ്പോള്‍ നിസ്‌കരിക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗുകാരോ സി.പി.എമ്മോ ഒന്നുമല്ലല്ലോ. പിന്നെ, ജലീലിന്റെ നിസ്‌കാരത്തിന്റെ ഫോട്ടോ പബ്ലിസിറ്റിക്കായി ആരെങ്കിലും വൈറലാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും മേല്‍പറഞ്ഞവര്‍ക്കല്ല. രാഷ്ട്രീയച്ചൊറികുത്തി കാലം കളയുന്നവര്‍ക്കാണ്. അല്ലെങ്കില്‍ തന്നെ പൊതുപ്രവര്‍ത്തകര്‍ക്ക് സ്വകാര്യതയില്ലെന്ന പരാതി നേരത്തെയുണ്ട്. നമസ്‌കരിക്കാനും സ്വകാര്യതയില്ലാതാക്കുന്നരോട് പറയാനുള്ളത് രാഹുല്‍ഗാന്ധി പറഞ്ഞതാണ്….അഹസിഷ്ണുത.
നമസ്‌കാരത്തിനും രാഷ്ട്രീയമുണ്ടോ ? അടുത്ത കാലത്ത് യൂറോപ്യന്‍ നാടുകളില്‍ ഇസ്്‌ലാമിനെതിരെ ബ്രഷ്ട് നീക്കം ശക്തമായപ്പോള്‍ അവിടുത്തെ മുസ്ലീങ്ങള്‍ പൊതുവഴികളിലിറങ്ങി നിസ്‌കരിച്ചാണ് പ്രതിഷേധിച്ചത്. അതിലൊരു രാഷ്ട്രീയമുണ്ട്. സൗദി അറേബ്യയിലെ പല പള്ളികളിലും വെള്ളിയാഴ്ച ജുമുഅക്ക് പള്ളി നിറഞ്ഞ് വിശ്വാസികള്‍ റോഡുകളില്‍ നിന്ന് നിസ്‌കരിക്കുന്നു. റമദാനില്‍ മക്കയില്‍ ഹറം പള്ളിയുടെ ഉള്‍വശം നിറഞ്ഞ് ആളുകള്‍ പുറത്തു സുജൂദ് ചെയ്യുന്നു. പള്ളിക്ക് പുറത്തുള്ള നിസ്‌കാരം അനിസ്്‌ലാമികമല്ല. അത് ചര്‍ച്ചയാക്കുന്നതാണ് അനിസ്്‌ലാമികം.
കെ.ടി.ജലീല്‍ നിസ്‌കരിക്കുന്നത് തന്നെയാണ് ഇടതുപക്ഷത്തിനിഷ്ടം. പിണറായി കൂടിയുള്ള വേദിയിലാണ് ജലീല്‍ നിസ്‌കരിക്കുന്നതെങ്കില്‍ അവര്‍ ഏറെ സന്തോഷിക്കും. എന്നാല്‍ കെ.ടി.ജലീലിനെ അതിന് കിട്ടില്ല.
പാര്‍ട്ടി പറയുന്നതിനെല്ലാം ജലീലിനെ കിട്ടുന്നില്ല എന്നതാണല്ലോ സി.പി.എമ്മിന്റെ ഇപ്പോഴത്തെ പരാതിയും…
നിസ്‌കരിക്കുന്ന,വിശ്വാസിയായ മുസ്്‌ലിമിനെയാണ് ഏറെകാലമായി മലബാറില്‍ ഇടതുപക്ഷം നേതാവായി തേടികൊണ്ടിരിക്കുന്നത്. പേരിന് മുസ്്‌ലിങ്ങള്‍ ഇഷ്ടം പോലെയുണ്ട് പാര്‍ട്ടിയില്‍. പക്ഷെ അവര്‍ക്കൊന്നും ഇസ്്‌ലാമികമായ മനസ്സില്ല. അതുണ്ടാക്കാന്‍ പല മുസ്്‌ലിം നേതാക്കളെയും അവര്‍ പരീക്ഷിച്ചു.ടി.കെ.ഹംസയും പള്ളിയില്‍ പോകുകയും നമസ്‌കരിക്കുകയും ചെയ്യുന്ന നേതാവാണ്. പൊരെങ്കില്‍ നേതാക്കളായി പാലോളിയുണ്ട്,പി.കെ.സൈനബയുണ്ട്,നിലമ്പൂര്‍ ആയിഷയുണ്ട്…പക്ഷെ,അവരെയൊന്നും മലബാറിലെ മുസ്്‌ലിംകള്‍ക്ക് അത്രപ്രിയം പോര.ജലീലിനെ തള്ളിപ്പറയാന്‍ മലബാറിലെ മുസ്്‌ലിംകളെ കിട്ടില്ല. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെയും തുരുപ്പു ചീട്ട്.
മലപ്പുറം നഗരസഭയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഭരണം ലഭിച്ചപ്പോള്‍ സി.പി.എം.മുസ്്‌ലിം വനിതയെ ചെയര്‍പേഴ്്‌സണാക്കി. അതിലൂടെ മുസ്്‌ലിം മനസുകളെ ദീര്‍ഘകാലം കൂടെ നിര്‍ത്താമെന്നാണ് സി.പി.എം.കരുതിയത്. എന്നാല്‍ ആ മോഹം ഏറെ നീണ്ടു പോയില്ല. പിന്നീട് സി.പി.എം.സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ ചരിത്രത്തിലെ മുസ്്‌ലിം നേതാക്കളായ വെളിയങ്കോട് ഉമര്‍ഖാസി,സൈനുദ്ദീന്‍ മഖ്്ദൂം,ആലിമുസ്്‌ല്യാര്‍,വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ,ലീഗുകാര്‍ കുത്തകയാക്കി വച്ചിരുന്ന നേതാക്കളുടെ പേരിലെല്ലാം കവാടങ്ങളുയര്‍ത്തി. ആ അമ്പും ലക്ഷ്യം കണ്ടില്ല. പിന്നീട് മങ്കടയില്‍ മഞ്ഞളാംകുഴി അലി ചില മുസ്്‌ലിം നമ്പരുകള്‍ ഇറക്കി. അതു വിജയം കണ്ടു. എന്നാല്‍ പിന്നീടാകട്ടെ അലി പോയി. പാര്‍ട്ടിയുടെ നെഞ്ചിലെ കിളിയും പോയി. അലിയിലൂടെ ഇടതുപക്ഷത്തെത്തിയ ജലീല്‍ മാത്രം പാറപോറെ ഉറച്ചു നില്‍ക്കുന്നു. അതു കൂടി പോകാന്‍ പിണറായി സമ്മതിക്കില്ല. ജലീല്‍ നമസ്‌കരിക്കട്ടെ.പള്ളിയിലോ മൈതാനത്തോ,പാറപ്പുറത്തോ എവിടെ വേണമെങ്കിലും.പരാതിക്കാര്‍ അതൊക്കെ കമന്റി തീര്‍ക്കട്ടെ,അല്ലെങ്കില്‍ കരഞ്ഞു തീര്‍ക്കട്ടെ.
