മുത്തലാഖ് ബിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇന്ന് രാജ്യസഭയിൽ വയ്ക്കും.മുത്തലാഖ് കേസുകളിൽ മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം നേടിയെടുക്കാൻ മജിസ്ട്രേറ്റിനെ സമീപിക്കാൻ അവകാശം നൽകുന്നതാണ് ബിൽ.
ബിൽ ഇന്ന് മേശപ്പുറത്ത് വയ്ക്കുമെങ്കിലും ഭരണപക്ഷം പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിക്കുമെന്നാണ് സൂചന.രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് നേതാക്കളുടേയും മറ്റു പാർട്ടി നേതാക്കളുടേയും യോഗം വിളിച്ചിട്ടുണ്ടെന്നാണ് വിവരം.
ബില്ലിനെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടെങ്കിലും ചില ഭേദഗതികൾ നിർദേശിക്കുമെന്നാണ് സൂചന.ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാൻ സമ്മർദ്ദം ചെലുത്തണോ എന്ന കാര്യത്തിലും കോൺഗ്രസ് തീരുമാനമെടുക്കും.
അതേസമയം മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസായാൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി.രാജ്യസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷ സഹകരണത്തോടെ മാത്രമേ ബിൽ പാസാക്കാനാവൂ.
