ജയില്‍ ചട്ട ലംഘനം: ദിലീപിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ജയില്‍ വകുപ്പിന്റേയും പോലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹര്‍ജിക്കാരി.

ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളില്‍ ഇവ വ്യക്തമായിരുന്നു.

നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *