ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ അനുകൂലിച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. തീവ്രവാദിയായ വ്ലാഡമിര്‍ ലെനിന്റെ പ്രതിമ സി.പി.എമ്മിന്റെ ആസ്ഥാനത്ത് സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. റഷ്യന്‍ നേതാവും വിദേശിയുമായ ലെനിന് നിരവധി പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലെനിന് വിദേശിയാണ്. തീവ്രവാദികളുടെ കൂട്ടത്തില്‍പ്പെട്ടയാളാണ്. റഷ്യയില്‍ വച്ച് നിരവധി പേരെയാണ് അയാള്‍ കൊന്നൊടുക്കിയത്. ഇവിടെ നമുക്ക് എന്തിനാണ് അദ്ദേഹത്തിന്റെ പ്രതിമ. ഇത്തരം പ്രതിമകള്‍ സി.പി.എം പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ആരാധിക്കട്ടെ- സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സംഭവത്തില്‍ നേരത്തെ ത്രിപുര ഗവര്‍ണര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണവും. ‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം’- എന്നായിരുന്നു ഗവര്‍ണര്‍ തഥാഗത് റോയിയുടെ പ്രതികരണം. 2008ല്‍ ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ ത്രിപുരയില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്.
