കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ തിരിച്ചറിയണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്ബ് ഇന്ത്യ തമോഗര്‍ത്തം മാത്രമായിരുന്നോ എന്ന് സോണിയ ഗാന്ധി ചോദിച്ചു. യു.പി.എ സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന ബി.ജെ.പിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധിവൈഭവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സോണിയ.

കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തു എന്ന പേരിന് വേണ്ടിയല്ല താനിത് പറയുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കഠിന പരിശ്രമങ്ങളും തിരിച്ചറിയണമെന്ന് കരുതിയാണെന്ന് സോണിയ വ്യക്തമാക്കി. 70 വര്‍ഷക്കാലമായി കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപി ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

2014 മെയ് 16ന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെട്ടെന്നും സോണിയാ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ മാറ്റിമറിക്കുന്ന നിരവധി കാര്യങ്ങളുണ്ടായി. അതൊന്നും യാദൃശ്ചികതയായി കാണാനാവില്ല. ആസൂത്രിതമായ അജണ്ടകളുടെ ഫലമാണത്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സമൂഹത്തെ വിഭജിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *