തിരുവനന്തപുരം: ബിജെപിയുടെ യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടക ഗവര്‍ണര്‍ തന്റെ പദവി മറന്ന് ആര്‍എസ്‌എസുകാരനായി പ്രവര്‍ത്തിക്കുകയാണ്. ആര്‍എസ്‌എസിന്റെ ശൈലിതന്നെ കശാപ്പാണ്. മനുഷ്യകശാപ്പില്‍നിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവര്‍ എത്തിയിരിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന കുതിരകച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവര്‍ണര്‍ അധപതിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് നിലവിലുള്ള കീഴ്‌വഴക്കം. അതിന് വിരുദ്ധമാണ് കര്‍ണാടകയില്‍ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസായിരുന്നു വലിയ ഒറ്റകക്ഷി. എന്നാല്‍ കോണ്‍ഗ്രസിനെയല്ല, മറിച്ച് ബിജെപിയെയാണ് അവിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത്. കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ് അന്ന് ഗവര്‍ണര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ അത് തിരിച്ചാവുന്നു.
മേഘാലയയില്‍ 2 സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്. എന്നിട്ടും അവരവിടെ സര്‍ക്കാരുണ്ടാക്കിയത് തെരഞ്ഞെടുപ്പിന് ശേഷം മറ്റ് കക്ഷികളെ കൂട്ടി വലിയ മുന്നണിയുണ്ടാക്കിയാണ്. അങ്ങിനെയെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന മുന്നണിക്കാണ് കൂടുതല്‍ എംഎല്‍എമാരുള്ളത്. ഇരുവരും ചേരുമ്ബോള്‍ 115 എംഎല്‍എമാരുണ്ട്. ബിജെപിക്ക് 104 പേരെയുള്ളൂ. എന്നിട്ടും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ ഇതിലൂടെ നല്‍കുന്നത്. കര്‍ണാടകയില്‍ നടക്കുന്ന അത്യന്തം ജനാധിപത്യ വിരുദ്ധമായ സംഭവങ്ങള്‍ക്കെതിരെ ബഹുജനരോഷം ഉയര്‍ന്നുവരണം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം എന്നും കോടിയേരി പറഞ്ഞു.
