തിരൂരിലെ സംഘര്‍ഷം: കുടുംബങ്ങള്‍ ഭീതിയില്‍

തിരൂര്‍- താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങള്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ശനിയാഴ്ച രാത്രി പുറത്തൂര്‍ കൂട്ടായിയില്‍ ലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടായ അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയില്‍ ലീഗ് പ്രവത്തകനായ മൂന്നുടിക്കല്‍ റഹീസിനെ മുഖംമൂടിസംഘം വെട്ടിപരിക്കേല്‍പ്പിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അരയന്‍ കടപ്പുറം ഭാഗത്ത് ഇരുപാര്‍ട്ടിയിലുംപെട്ടവരുടെ 21 വീടുകളും രണ്ട് കാറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. നാല് വീടുകള്‍ അക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം വീട്ടിലെ ടി വി, ഫ്രിഡ്ജ് അടക്കമുളള ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഒരു വീട്ടില്‍ രാത്രി അത്താഴത്തിന് കരുതിവച്ച ഭക്ഷണം പുറത്തേക്കു വലിച്ചെറിഞ്ഞു. പല വീടുകളിലേയും മോട്ടോര്‍, പൈപ്പുകള്‍ എന്നിവ നശിപ്പിച്ചിട്ടുണ്ട്. തിരൂരില്‍ നിന്ന് കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയതോടെ ആക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു. കൂട്ടായിലെ അക്രമണ പരമ്പരയെ തുടര്‍ന്ന് പുണ്യമായ റമദാന്‍ മാസത്തില്‍ പോലും സ്വന്തം വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍.

കൂട്ടായിയില്‍ ഇടക്കിടെയുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ലഹരി മാഫിയകള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ പോലിസ് പെട്രോളിങ് ഏര്‍പ്പെടുത്തിയതായും തിരൂര്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *