കൊച്ചി: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈക്കോടതി വിലയിരുത്തി.
പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന് വൈദ്യരും നടത്തുന്ന പ്രചാരണങ്ങള്‍ തടയണമെന്നു ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചാരണങ്ങള്‍ തടയണം. വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിപ്പാ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്ബനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. അതേസമയം, പേരാമ്ബ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല് കടിച്ച മാമ്ബഴവും ചാമ്ബക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോയാണ് മോഹനന് വൈദ്യര് പ്രചരിപ്പിച്ചത്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.
