ഭൂനികുതിയും ടാക്‌സും ഓണ്‍ലൈനില്‍

പത്തനംതിട്ട: ഭൂനികുതിയും ടാക്‌സും ഓണ്‍ലൈന്‍ വഴി ഒടുക്കുന്നതിന് 100 വില്ലേജുകളില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഉദ്ഘാടനം മാര്‍ച്ചില്‍ കോട്ടയം ജില്ലയില്‍ നടത്തുമെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഓണ്‍ലൈനായി പോക്കുവരവ് നിര്‍വ്വഹിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് അവസാനത്തോടെ ജില്ലയിലെ എല്ലാ വില്ലേജുകളിലും ഓണ്‍ലൈന്‍ വഴി പോക്കുവരവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവും. ആധാരം രജിസ്റ്റര്‍ ചെയ്തശേഷം പോക്കുവരവ് വില്ലേജ് ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ചെയ്യാനാവും.

ജില്ലയില്‍ 20 വില്ലേജുകളില്‍ നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഫെബ്രുവരി 19 വരെ ഓണ്‍ലൈനായി 1.87 കോടിയില്‍പരം സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസുകള്‍ വഴി നല്‍കി. ഇത് സുപ്രധാന ചുവടുവയ്പ്പാണ്. ഓണ്‍ലൈനാക്കുന്നതോടെ പോക്കുവരവ് സംബന്ധിച്ച പരാതികള്‍ക്ക് അറുതിവരും. ജനസമ്പര്‍ക്ക പരിപാടികളിലും റവന്യു അദാലത്തുകളിലും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പോക്കുവരവ് സംബന്ധിച്ചായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിനെയും റവന്യു വകുപ്പ് ജീവനക്കാരെയും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസറെയും മന്ത്രി അഭിനന്ദിച്ചു. ആധാരം രജിസ്റ്റര്‍ ചെയ്ത മൂന്നുപേര്‍ക്ക് ഓണ്‍ലൈന്‍ പോക്കുവരവ് നടത്തിയതിന്റെ രേഖ മന്ത്രി കൈമാറി.

ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഹുസൂര്‍ ശിരസ്തദാര്‍ കെ.ഒ ഗീതാമണി, ജില്ലാ രജിസ്ട്രാര്‍ സീതാലക്ഷ്മിയമ്മ, സര്‍വ്വേ സൂപ്രണ്ട്, ചെറുപുഷ്പം, അക്ഷയ അസിസ്റ്റന്റ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി.മുരുകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ലൈന്‍ പോക്കുവരവും നികുതികളും ഒടുക്കുന്നതിന് എന്‍.ഐ.സിയാണ് സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *