ന്യൂഡല്‍ഹി: സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തിയ ഹരിയാനയിലെ ജാട്ട് സമുദായവുമായി കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്ക്. ജാട്ട് സമുദായക്കാരുടെ ആവശ്യം അംഗീകരിച്ചതായി സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. സംവരണം ഉറപ്പാക്കുന്നതിനുള്ള ബില്‍ ഹരിയാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പാസാക്കുമെന്നും സംവരണ പ്രശ്നത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ട സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു പിന്നോക്ക (ഒബിസി) വിഭാഗത്തിലായിട്ടാണെങ്കിലും സംവരണം അനുവദിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്കു വിരുദ്ധമാണു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഹരിയാന സര്‍ക്കാര്‍ നിയമം പാസാക്കിയാലും ഭരണഘടനാപരമാക്കാനാവില്ലെന്നു സുപ്രീംകോടതി ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണെ്ടന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംവരണം ആവശ്യപ്പെട്ട് ഏഴു ദിവസമായി രാജ്യതലസ്ഥാനം വരെ സ്തംഭിപ്പിച്ചു ജാട്ട് സമുദായക്കാര്‍ പ്രക്ഷോഭവും ആക്രമണവും അഴിച്ചുവിട്ട സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയത്.
അനുരഞ്ജനത്തിനായി ഹരിയാനയിലെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു കരസേനാ മേധാവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആഭ്യന്തരമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു സമുദായ നേതാക്കളുമായി രാജ്നാഥ് ചര്‍ച്ച നടത്തിയത്. റെയില്‍വേ സ്റ്റേഷനുകളും പോലീസ് സ്റ്റേഷനുകളും അഗ്നി ക്കിരയാക്കി ഏഴു ദിവസമായി നടത്തിയ പ്രക്ഷോഭ സമരത്തില്‍ ഇതുവരെ 12 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റമ്പതോളം പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമ പ്രവര്‍ത്തകനും മര്‍ദനമേറ്റതായും വിവരമുണ്ട്്.
ഹരിയാനയിലെ സംഘര്‍ഷ മേഖലയില്‍ സൈന്യത്തെ വിന്യസിക്കുകയും പല പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടും അക്രമത്തിന് അയവു വന്നില്ല. റോഹ്തക്, ജജ്ജാര്‍, പാനിപ്പട്ട് മേഖലകളില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ദേശീയപാതകള്‍, റെയില്‍വേ ലൈനുകള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിച്ചതോടെ ജനജീവിതം പൂര്‍ണമായും തടസപ്പെട്ടു. 700 റെയില്‍വേ സര്‍വീസുകളാണു മുടങ്ങിയത്. ഡല്‍ഹിയിലേക്കു കുടിവെള്ളം എത്തിക്കുന്ന മുനാക് കനാല്‍ പ്രക്ഷോഭകര്‍ അടച്ചതോടെ കുടിവെള്ള വിതരണവും പൂര്‍ണമായി നിലച്ചു. ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
