ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍

തിരൂര്‍: ലിംഗസമത്വത്തിന്റെ വര്‍ത്തമാനത്തിലും ഭാവിയിലും ആശങ്കപ്പെട്ട് പ്രസംഗകരും സദസ്സും അണിനിരന്നപ്പോള്‍ ചര്‍ച്ചാ വേദി സജീവം. കുടുംബം സ്ത്രീ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ടോ? സ്ത്രീ സംവരണം അനിവാര്യമാണോ? ശബരിമലയില്‍ സ്ത്രീ പ്രവേശനം അഭികാമ്യമാണോ? മലയാളസര്‍വകലാശാലയിലെ സാഹിതി സാഹിത്യോത്സവത്തിലെ ‘ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍’ എന്ന ചര്‍ച്ച യോജിപ്പുകളും വിയോജിപ്പുകളും നിറഞ്ഞതായിരുന്നു.

03‘പ്രശ്‌നങ്ങളെ നിശ്ശബ്ദമായും ധീരമായും നേരിടാനുള്ള ധൈര്യം സ്ത്രീകള്‍ക്കുണ്ടാവണം. തുണയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന വിശ്വാസം ഉണ്ടാവരുത്. ഇന്നലെയും നാളെയുമില്ലാതെ പോസിറ്റീവ് എനര്‍ജിയുമായി ഇന്നത്തെ ജീവിതം ആസ്വദിക്കുക’- ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് എഴുത്തുകാരിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീയാണോ പുരുഷനാണോ എന്നാലോചിക്കുന്നതിന് പകരം മനുഷ്യനായി ജീവിക്കുക എന്ന സമഗ്രതയിലാണ് വിശ്വസിക്കുന്നതെന്ന് കവയത്രി റോസ് മേരി. എഴുത്തിന്റെ മേഖലയില്‍ അസമത്വം അനുഭവപ്പെട്ടിട്ടില്ല. സ്ത്രീക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് വേര്‍തിരിക്കുന്നതിനോടുപോലും യോജിപ്പില്ല. ജീവിതം നന്നായി മാത്രമേ തന്നോട് പെരുമാറിയിട്ടുള്ളൂ. സ്ത്രീയെപ്പോലെ പുരുഷനും പ്രശ്‌നങ്ങളുണ്ട്. നിര്‍ഭയമായി ജീവിച്ചുതുടങ്ങുക എന്നാണ് പുതിയ തലമുറയോട് പറയാനുള്ളത്.

04ജീവിതത്തിന്റെ വഴിയില്‍ നിസ്സഹായയായി നിന്നുപോയവളാണ് താനെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷീബ അമീര്‍ പറഞ്ഞു. ആണും പെണ്ണും പരസ്പര പൂരകങ്ങളായ അസ്തിത്വങ്ങളാണ്. സ്ത്രീയെ തീരുമാനിക്കേണ്ടത് അവള്‍ തന്നെയാണ്. സ്വപ്നങ്ങളില്‍ നിന്നും സാധ്യമാകാത്ത ലക്ഷ്യങ്ങളില്‍ നിന്നും വിമോചിതയാവുമ്പോഴാണ് സ്ത്രീ സ്വതന്ത്രയാവുന്നത്. സ്വാതന്ത്ര്യം ഉള്ളില്‍ നിന്ന് ഉണ്ടാവേണ്ടതാണ്. കുടുംബം തന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചിട്ടില്ല.

ലിംഗസമത്വത്തിന്റെ കാര്യത്തില്‍ താന്‍ അവിശ്വാസിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മ്യൂസ് മേരി സംസാരിച്ചുതുടങ്ങിയത്. നൂറ് വര്‍ഷം കാത്തിരുന്നാല്‍ പോലും ലിംഗസമത്വം സാധ്യമാവുമെന്ന് വിശ്വസിക്കുന്നില്ല. ലിംഗനീതി ഏറെക്കുറെ യാഥാര്‍ത്ഥ്യമായേക്കാം. നിലനില്‍ക്കുന്ന സാമൂഹ്യഘടനയില്‍ ലിംഗസമത്വത്തെക്കുറിച്ച് പ്രതീക്ഷ വെക്കാനാവില്ല. റേഷന്‍ കാര്‍ഡില്‍ ഗൃഹനാഥയായി സ്ത്രീയുടെ പേര് ചേര്‍ക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ഉത്തരവിടുന്ന ഭരണ വ്യവസ്ഥ സ്ത്രീയുടെ സമത്വം സംരക്ഷിക്കുമോ? മാധ്യമങ്ങളെപോലും നയിക്കുന്നത് സവര്‍ണ്ണ, പുരുഷാധിപത്യ പ്രവണതകളാണ്. സ്ത്രീയുടെ ആധിയും സംശയങ്ങളും അവസാനിക്കുന്നില്ല. എഴുത്തുകാരികള്‍ സ്വതന്ത്രയായ സ്ത്രീയെ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. സ്വപ്നങ്ങളുടെ ലോകത്തുനിന്നുകൊണ്ട് എല്ലാം ശരിയാണെന്ന് പറയാന്‍ കഴിയില്ല. കഠിനമായ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാതെ പോകരുത്. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി മനസ്സിലാക്കണം. സംവരണം ഇനിയും നിലനിന്നാല്‍ മാത്രമേ സ്ത്രീക്ക് സമൂഹത്തില്‍ ഉയര്‍ന്ന് വരാന്‍ കഴിയൂ.
malaya 02
ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് മ്യൂസ് മേരി  സദസ്സില്‍നിന്നുള്ള ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കാല്‍നടയായി പോകുന്ന തീര്‍ത്ഥാടകരോട് ജമന്തിപ്പൂമാല ചോദിച്ച കുട്ടിക്കാലം അവര്‍ ഓര്‍ത്തെടുത്തു. എന്നാല്‍ ശബരിമലയില്‍ സ്ത്രീയും പുരുഷനും പോകേണ്ടതില്ലെന്ന് ഭാഗ്യലക്ഷ്മി ചര്‍ച്ചയില്‍ ഇടപെട്ടു. ആരെയും പ്രവേശിപ്പിക്കാതെ തനത്പ്രകൃതിയെ സംരക്ഷിക്കുകയാണ് ശബരിമലയില്‍ ചെയ്യേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രൊഫസര്‍. ടി. അനിതകുമാരി ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.  വിവിധ കോളേജുകളില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കഥകള്‍ അസ്വസ്ഥതകളുടെ സൃഷ്ടി: വിനു എബ്രഹാം

സമകാലിക ജീവിതത്തിന്റെ അസ്വസ്ഥതകളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് കഥകള്‍ രൂപപ്പെടുന്നതെന്ന് പ്രസിദ്ധകഥാകൃത്തായ വിനു എബ്രഹാം. നിരൂപണങ്ങള്‍ക്ക് വിധേയമാവുന്ന സാഹിത്യരചനകള്‍ മാത്രം മികച്ചതാണെന്ന ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയില്‍ സാഹിതിയോടനുബന്ധിച്ച് നടന്ന ‘സൃഷ്ടിയും സ്രഷ്ടാവും’ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നുണകള്‍ മനോഹരമായി അവതരിപ്പിക്കുമ്പോള്‍ ഉദാത്തമായ കഥകളായി പരിണമിച്ചേക്കാം. കഥയുടെ വ്യത്യസ്തമായ വഴികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് സാഹിത്യം മുന്നേറേണ്ടതെന്നും അദ്ദേഹം അഭിപ്പായപ്പെട്ടു.

സാമൂഹിക – രാഷ്ട്രീയ അനീതികളോട് പ്രത്യക്ഷത്തില്‍ സംവദിക്കുന്ന കഥകള്‍ മാത്രമാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നതെന്ന് കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍ പറഞ്ഞു. എഴുത്ത് യാന്ത്രിക പ്രക്രിയയായി മാറരുതെന്നും കഥാ സാഹിത്യത്തില്‍ ആവര്‍ത്തന വിരസത അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രചന മറ്റൊരു രചനയുടെ നിഴല്‍ പോലും സ്പര്‍ശിക്കാതെ ജനിച്ചു വീഴുമ്പോഴാണ് പൂര്‍ണമായ സാഹിത്യ സൃഷ്ടിയുണ്ടാവുന്നതെന്ന് കഥാകൃത്ത് സുസ്‌മേഷ് ചന്ദ്രോത്ത് വ്യക്തമാക്കി. എഴുത്തുകാര്‍ തങ്ങളുടെ കാലത്തോടും സമൂഹത്തോടും വിയോജിക്കുമ്പോഴാണ് നല്ല രചകള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള വിഭാഗം അസി. പ്രൊഫ. സി. ഗണേഷ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

പുസ്തകോത്സവം ശ്രദ്ധേയമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ സാഹിതി ’16 നോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവം ശ്രദ്ധേയമായി. ക്ലാസിക്കുകള്‍, പുരാണങ്ങള്‍, വിജ്ഞാന സാഹിത്യം, ആധുനിക സര്‍ഗ്ഗാത്മക രചനകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.  കഴിഞ്ഞ രണ്ട് വര്‍ഷക്കാലം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമായാണ് കേരളസാഹിത്യ അക്കാദമി പ്രദര്‍ശനത്തിനെത്തിയത്. സാഹിതി, സംസ്‌കൃതി, സ്മൃതി എന്നീ മൂന്ന് വോളിയങ്ങളിലായി പ്രസിദ്ധീകരിച്ച അക്കിത്തത്തിന്റെ ലേഖനങ്ങള്‍, എം.കെ സാനുവിന്റെ തിരഞ്ഞെടുത്ത കൃതികള്‍, ഹരിതം ബുക്ക്‌സിന്റെ എം.ടി യെക്കുറിച്ച് തയ്യാറാക്കിയ 11 പുസ്തകങ്ങള്‍ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്.  ഡി.സി. ബുക്ക്‌സ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മാതൃഭൂമി ബുക്ക്‌സ്, ഗ്രീന്‍ ബുക്ക്‌സ്, പ്രഭാത് ബുക്ക് ഹൗസ്, ടി.ബി.എസ്. ബുക്ക് ഹൗസ്, കാലിക്കറ്റ് ബുക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് തുടങ്ങി പ്രധാന പ്രസാധകരെല്ലാം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. മേളയില്‍ 35 ശതമാനം വരെ പൊതുവെയും ലൈബ്രറിക്ക് പ്രത്യേകവും  കിഴിവ് അനുവദിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *