വിജയസാധ്യതയും ജനസ്വീകാര്യതയും മാനദണ്ഡം

ന്യൂഡല്‍ഹി: വിജയസാധ്യതയും ജനസ്വീകാര്യതയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടിസ്ഥാനഘടകമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും  ഉയര്‍ത്തികാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ്സില്‍പെട്ട മന്ത്രിമാരും എം എല്‍ എമാരെയും മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുന്നോടിയായി പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കാനും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത കേരള നേതാക്കളുടെ ഡല്‍ബിയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും യുഡിഎഫിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ച  ഉടന്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഉള്‍പ്പെട്ട കൂട്ടായ നേതൃത്വമാകും തെരഞ്ഞെടുപ്പിനെ നയിക്കുക. ഉമ്മന്‍ ചാണ്ടിയും രമേശും വീണ്ടും മത്സരിക്കുമെങ്കിലും സുധീരന്റെ കൂടി താത്പര്യം കണക്കിലെടുത്ത് അദ്ദേഹം മത്സരരംഗത്തുനിന്നു മാറിനില്‍ക്കാനും ഹൈക്കമാന്‍ഡ് അനുവദിച്ചേക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പിന്നീടു തീരുമാനിക്കാനാണു ധാരണ.

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഹൈക്കമാന്‍ഡുമായി മൂന്നു നേതാക്കളും സംയുക്തമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുധീരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച പൊതു, ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഐക്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും നേതാക്കള്‍ തമ്മില്‍ കൂടുതല്‍ യോജിപ്പു വേണമെന്നും സോണിയ ഓര്‍മിപ്പിച്ചു.

സോണിയയുടെ പത്താം നമ്പര്‍ ജന്‍പഥില്‍ നടന്ന ഒന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ സോണിയയ്ക്കും രാഹുലിനും പുറമേ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവരും ഉമ്മന്‍ ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *