ആര്‍ സാംബന് ലാഡ്‌ലി അവാര്‍ഡ്

മലപ്പുറം: മികച്ച ഫീച്ചറിനുള്ള യു.എന്‍.എഫ്.പി.എ-ലാഡ്‌ലി അവാര്‍ഡിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. ‘കൂടണയുന്ന അമ്മക്കിളികള്‍’ എന്ന തലക്കെട്ടില്‍ 2014 നവംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരക്കാണ് അവാര്‍ഡ്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ ദുരിതജീവിതത്തെക്കുറിച്ചായിരുന്നു പരമ്പര.
മാര്‍ച്ച് നാലിന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുംബൈ ആസ്ഥാനമായുള്ള പോപ്പുലേഷന്‍ ഫസ്റ്റ് എന്ന സംഘടനയും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടും ചേര്‍ന്ന് നല്‍കുന്ന ലാഡ്‌ലി അവാര്‍ഡിന് ലിംഗനീതി വിഷയമായുള്ള റിപ്പോര്‍ട്ടുകളും ഫീച്ചറുകളുമാണ് പരിഗണിക്കുക. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള 2010-ലെ ലാഡ്‌ലി അവാര്‍ഡ് സാംബന് ലഭിച്ചിരുന്നു.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരം രണ്ടുവട്ടം നേടിയിട്ടുള്ള സാംബന്‍ രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, കുഷ്‌റോ ഇറാനി അവാര്‍ഡ്, സരോജിനി നായിഡു പുരസ്‌കാരം, കെ.സി കുലിഷ് രാജ്യാന്തര അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

1993 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന സാംബന്‍ തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റാണ്. ഭാര്യ: സേതു. മക്കള്‍: സാന്ദ്ര, വൃന്ദ.

Leave a Reply

Your email address will not be published. Required fields are marked *