സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കരുത്

മലപ്പുറം:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതു വരെ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികള്‍ ഇടപെടരുത്. പൂര്‍ണ സംയമനം പാലിക്കണം. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടണ്‍ാക്കുന്ന തരത്തിലുള്ള പ്രചാരണം, ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കല്‍, വ്യക്തിഹത്യ എന്നിവ അനുവദിക്കില്ല. സമാധാനപൂര്‍ണമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലത്ത് ബോര്‍ഡ്, ബാനറുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ല. നിലവില്‍ സ്ഥാപിച്ചവ ഉടന്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്ത് ബന്ധപ്പെട്ട പാര്‍ട്ടികളില്‍ നിന്ന് ചെലവ് ഈടാക്കും. ഉദ്ഘാടനങ്ങള്‍, ധനസഹായ വിതരണം, മറ്റ് ആനുകൂല്യങ്ങളുടെ വിതരണം, തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് എന്നിവയും അനുവദനീയമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
പൊതുയോഗം, ജാഥ, മൈക്ക് ഉപയോഗം എന്നിവയ്ക്ക് പൊലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ അച്ചടിച്ച് പ്രചരിപ്പിക്കാന്‍ പാടില്ല. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുക, പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത  സ്വകാര്യ ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുക, എതിരാളികളുടെ വീടിന് മുന്നില്‍ പ്രകടനം-പിക്കറ്റിങ്, ഗതാഗതത്തിന് തടസ്സമുണ്‍ണ്ടാകുന്ന വിധത്തിലുള്ള ജാഥകള്‍ തുടങ്ങിയവയെല്ലാം പെരുമാറ്റച്ചട്ട ലംഘനമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികള്‍ അച്ചടിക്കാന്‍ നല്‍കുന്നതിന്റെ വിശദ വിവരം, എണ്ണം, പ്രസ്സ് എന്നിവ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കണം. ഓഡിയോ-വീഡിയോ പ്രചാരണം സംബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) മുമ്പാകെ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. തെരഞ്ഞെടുപ്പ് ചെലവ് ഒരു മണ്ഡലത്തില്‍ 28 ലക്ഷം രൂപയില്‍ കവിയരുത്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ചെക്ക്/ഡ്രാഫ്റ്റ് മുഖേന മാത്രമേ സ്വീകരിക്കാവൂ എന്നും കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍, എ.ഡി.എം. ബി.കൃഷ്ണകുമാര്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ജാഫര്‍ മാലിക്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.വി. സജന്‍, എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.വി. മോന്‍സ്, ഡി.വൈ.എസ്.പി. എ. ഷറഫുദ്ദീന്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *